KeralaKozhikodeLatest

 കോവിഡ് രോഗിയെന്ന് വ്യാജ പ്രചരണം; നടപടി തേടി കളക്ടര്‍ക്ക് പരാതി

“Manju”

വി.എം.സുരേഷ് കുമാർ

വടകര : മണിയൂര്‍ കുറുന്തോടിയിലെ യുവാവ് കോവിഡ് രോഗിയുമായി അടുത്ത് ബന്ധപ്പെട്ടെന്ന നിലയില്‍ നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ നടപടി തേടി യുഡിഎഫ് മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കി.
കോവിഡ് രോഗിയല്ലാത്തയാള്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയതിനെ തുടര്‍ന്നു നെഗറ്റീവാണ്. കോവിഡ് രോഗിയുമായി ഒരു സമ്പര്‍ക്കവുമുണ്ടായിട്ടില്ല.
മത്സ്യ വിതരണം നടത്തി ജീവിക്കുന്ന ഇദ്ദേഹം മണിയൂര്‍ പഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണ്‍ ആയതിനു ശേഷം ജോലി ചെയ്തിട്ടുമില്ല. നേരിട്ട് കോവിഡ് രോഗിയുമായി സമ്പര്‍ക്കമില്ലാഞ്ഞിട്ടും ഇദ്ദേഹത്തിന്റെ പേര് നാടു മുഴുവന്‍ പ്രചരിപ്പിച്ചതായാണ് പരാതി. സമ്പര്‍ക്ക സംശയത്തിന്റെ പേരില്‍ പേരെടുത്തു പറഞ്ഞ് വ്യാപക പ്രചരണം നടക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയിലൂടെ ഗള്‍ഫ് നാടുകളിലും കേരളത്തിലാകെയും വ്യാജ പ്രചരണം നടന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളും ക്വാറന്റൈനില്‍ പോവണമെന്ന് ഉത്തരവാദപ്പെട്ട ജനപ്രതിനിധി തന്നെയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വോയ്‌സ് ക്ലിപ്പ് പോസ്റ്റ് ചെയ്തത്.

പിന്നീട് ഭരണ സമിതിയുമായി ബന്ധപ്പെട്ടവരുള്‍പ്പെടെ പലരും ഈ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ഇയാളെയും കുടുംബത്തെയും കുടുംബവുമായി ബന്ധം പുലര്‍ത്തിയവരെയും ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്. ഇങ്ങനെ ഒരാളുടെ പേരെടുത്ത് പറഞ്ഞ് വ്യാജ പ്രചരണം നടത്തിയ ജനപ്രതിനിധിക്കും പഞ്ചായത്ത് ഭരണ സമിതിക്കുമെതിരെ നടപടി സ്വീകരിക്കണമെന്നു യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ കെ.കെ.യൂസഫ് കളക്ടര്‍ക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. രോഗിയാണെങ്കില്‍ പോലും ഇത്തരത്തില്‍ പ്രചരണം നടത്താന്‍ നിയമം അനുവദിക്കുന്നില്ല. അപകീര്‍ത്തിപ്പെടുത്തല്‍, സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തല്‍ തുടങ്ങിയ നിയമങ്ങള്‍ പ്രകാരം കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button