IndiaLatest

ഇന്ത്യയുടെ ഗോതമ്പ് ഇനി ‍ ഈജിപ്തിലേക്കും

“Manju”

ന്യൂഡല്‍ഹി : ഇന്ത്യയുടെ ഗോതമ്പ് ഇനി മുതല്‍ ഈജിപ്തിലേക്കും. ഇന്ത്യയെ ഗോതമ്പ് വിതരണക്കാരായി ഈജിപ്ത് അംഗീകരിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചു. നമ്മുടെ കര്‍ഷകര്‍ ലോകത്തെ മുഴുവനായി അന്നമൂട്ടുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഈജിപ്തില്‍ നിന്നുള്ള ഭക്ഷ്യവിതരണ അതോറിറ്റി പ്രതിനിധികള്‍ ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ പരിശോധിച്ചിരുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഗോതമ്പും മറ്റ് ധാന്യങ്ങളും മികച്ച ഗുണനിലവാരമുണ്ടെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് വിതരണക്കാരായി ഇന്ത്യയെയും ഈജിപ്ത് പരിഗണിച്ചത്. പഞ്ചാബ്, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിനിധി സംഘം എത്തിയത്.

പാടശേഖരങ്ങളും, ധാന്യസംഭരണ ശാലകളിലും സംഘം സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം സംഘം ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. തുടര്‍ന്ന് വിവരം ഇന്ത്യയെ അറിയിക്കുകയായിരുന്നു. ഇന്ത്യയിലെ ഈജിപ്ത് അംബാസ്ഡര്‍ വാലെ മുഹമ്മദ് അവാദ് ഹമീദ് ഉള്‍പ്പെടെയുള്ളവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.

ഗോതമ്പിന്റെ വിതരണക്കാരായി ഇന്ത്യയെ ഈജിപ്ത് അംഗീകരിച്ചെന്ന് പിയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ന് നമ്മുടെ കര്‍ഷകര്‍ ലോകമെമ്പാടുമുള്ളവരെ അന്നമൂട്ടുകയാണ്. ആഗോളതലത്തില്‍ ധാന്യവിതരണത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ ശ്രദ്ധേയമാണ്. നമ്മുടെ കര്‍ഷകര്‍ രാജ്യത്തിന്റെ പത്തായം നിറയ്‌ക്കുന്നു. ലോകത്തെ ഊട്ടാന്‍ ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോകത്തെ തന്നെ ഏറ്റവും വലിയ ഗോതമ്ബ് ഉപഭോക്താവാണ് ഈജിപ്ത്. ഗോതമ്പിനായി റഷ്യയെയും, യുക്രെയ്‌നെയും പ്രധാനമായി ആശ്രയിച്ചിരുന്ന ഈജിപ്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പ്രതിസന്ധിയിലായി. തുടര്‍ന്നാണ് ഇന്ത്യയെ സമീപിച്ചത്.

Related Articles

Back to top button