InternationalLatest

ആഗോള മാധ്യമ സമ്മേളനത്തിന് അബുദാബിയിൽ തുടക്കം

“Manju”

ആഗോള മാധ്യമ സമ്മേളനത്തിന് അബുദാബിയിൽ തുടക്കമായി. ഡിജിറ്റൽ യുഗത്തിൽ മാധ്യമങ്ങളുടെ ഭാവിയും വെല്ലുവിളികളും ചർച്ച ചെയ്യുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമ പ്രൊഫഷണലുകളും മേധാവികളും പങ്കെടുക്കുന്നുണ്ട്. മാധ്യമ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയത്തിലാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് നടക്കുന്നത്. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച സമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ യുഎഇ യുവജന കാര്യ മന്ത്രി ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്‌റൂയി, വ്യവസായ, സാങ്കേതിക മന്ത്രി സുൽത്താൻ അഹമ്മദ് അൽ ജാബർ, ബഹ്‌റൈൻ ഇൻഫർമേഷൻ അഫയേഴ്‌സ് വകുപ്പ് മന്ത്രി റംസാൻ ബിൻ അബ്ദുള്ള അൽ നുഐമി തുടങ്ങിയവർ പങ്കെടുത്തു. 5 സെഷനുകളിലായാണ് മൂന്നു ദിവസത്തെ സമ്മേളനം നടക്കുന്നത്.

ജേണലിസം, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയ്ക്ക് പ്രത്യേക സെഷനുകളുണ്ടാകും. ഇതോടനുബന്ധിച്ച് ശിൽപശാലകൾ, പ്രദർശനങ്ങൾ, ഇന്നവേഷൻ ഹബ് എന്നിവയും ഗ്ലോബൽ സമ്മേളനത്തിൽ ഉണ്ട്. കേരളത്തിൽ നിന്ന് മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും എം പിയുമായ ജോൺ ബ്രിട്ടാസ്, ശശി കുമാർ, ശ്രേയംസ് കുമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.

മാധ്യമങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന ചർച്ചകളാണ് സമ്മേളനത്തിൽ ഉണ്ടാകുന്നതെന്ന് സമ്മേളന വേദിയിൽ എത്തിയ അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി പറഞ്ഞു. മാധ്യമങ്ങളെ സംബന്ധിച്ച് ഒട്ടേറെ മാറ്റത്തിനും പഠനത്തിനും ഉതകുന്നതാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് എന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

സഹിഷ്ണുതയുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് പ്രത്യേക സെഷനും ഗ്ലോബൽ മീഡിയ കോൺഗ്രസിൽ ഉണ്ട്. സഹിഷ്ണുതാ സന്ദേശം പ്രചരിപ്പിക്കുന്നതിലും വിദ്വേഷത്തിനും അക്രമത്തിനും എതിരെ പോരാടുന്നതിലും ആഗോള മാധ്യമങ്ങളുടെ സുപ്രധാന പങ്ക് അടിവരയിടുന്നതായിരിക്കും സമ്മേളനം. നവംബർ പതിനേഴിന് സമ്മേളനം സമാപിക്കും.

 

Related Articles

Back to top button