ArticleLatest

മനുഷ്യരാശിയ്ക്ക് മുന്നറിയിപ്പുമായി കൊറോണാ വൈറസ്

“Manju”

മനുഷ്യരാശിയ്ക്ക് മുന്നറിയിപ്പുമായി കൊറോണാ വൈറസ് അരങ്ങ് തകർക്കുമ്പോൾ പ്രകൃതിയിലേക്ക് മടങ്ങാൻ നാം തയ്യാറാകണം. പ്രകൃതിയുടെ താളാത്മകതയ്ക്ക് ക്ഷതമില്ലാതെ ജീവിച്ച പൂർവ്വികരെ ഓർക്കാൻ നാം തയ്യാറാകണം.

വിജ്ഞാന വിസ്‌ഫോടന യുഗത്തിന്റെ മാസ്മരിക പ്രഭാവം നിറഞ്ഞു നിൽക്കുന്ന ഒരു യുഗത്തിലാണ് നാം സഞ്ചരിയ്ക്കുന്നത്. നാം ആർജ്ജിച്ചെടുത്ത വിഞ്ജാനശേഖരം ഒരുപാട്‌ സുഖ സൗകര്യങ്ങൾ നമുക്ക് നൽകി. അതെല്ലാം മതിയാവോളം നാം ആസ്വദിച്ചു.

ഒരു കുഞ്ഞൻ വൈറസ് മനുഷ്യരാശിയെ അക്ഷരാർത്ഥത്തിൽ അറസ്റ്റ് ചെയ്തു. പ്രകൃതിയെ വികൃതമാക്കിയ മനുഷ്യനെ ഭയപ്പെടുത്തുവാൻ ഒരുപക്ഷേ പ്രകൃതി ഒരുക്കിയ കെണിയാവാം ഇത്.

സകല ചരാചരങ്ങൾക്കും സസുഖം കഴിയാനുള്ള വിഭവങ്ങൾ പ്രകൃതിയിലുണ്ട്. വരും തലമുറകളെ സംരക്ഷിയ്ക്കുവാൻ പ്രകൃതി കരുതിയ കുന്നുകളും സസ്യലതാതികളും ശുദ്ധജല സ്രോതസ്സുമെല്ലാം നാം തച്ചുടച്ചു. പ്രകൃതിയുടെ താളാത്മകത നാം തകർത്തപ്പോൾ പല മുന്നറിയിപ്പുകളും പ്രകൃതി നമുക്ക് നൽകി.

ശുദ്ധമായ പ്രാണവായുവിനായി ശ്വാസകോശം കിതയ്ക്കുന്ന കാഴ്ച നാം കണ്ടു. നമുക്കാവിശ്യമായ ശുദ്ധമായ ഭക്ഷണവും ജലവും വായുവും എല്ലാം നിലനിർത്താൻ നാം പരിശ്രമിയ്ക്കണം.

‘അന്നമാണ് ഔഷധം – ഔഷധമാണ് അന്നം’ എന്ന പ്രകൃതി ജീവനശാസ്ത്രം സ്വജീവിതത്തിൽ പകർത്തണം. അതിജീവനത്തിനായി പൊരുതുമ്പോൾ വിഞ്ജാനശാസ്ത്രത്തിന്റെ അതിർവരമ്പുകൾക്ക് പ്രസക്തിയില്ല.

പഞ്ചഭൂതങ്ങളും ആരോഗ്യ സമ്പാദനവും

പഞ്ചഭൂതങ്ങളുടെ (ആകാശം, വായു, സൂര്യൻ, ജലം, ഭൂമി) നിത്യോപാസനയാണ് ആരോഗ്യ സമ്പാദനത്തിനുള്ള ഉത്തമമാർഗ്ഗമെന്ന് ഋഷിമാർ അടയാളപ്പെടുത്തി. പഞ്ചഭൂതങ്ങളുടെ പരിപാലനം മനുഷ്യകുലത്തിന്റെ നിലനിൽപിന് അത്യന്താപിക്ഷിതമാണ്.

i ) ആകാശം

ആകാശം ചലനാത്മകവും ഊർജ്ജ തരംഗങ്ങൾ (Cosmic Rays) പ്രവഹിച്ചു കൊണ്ടിരിയ്ക്കുന്നതുമാണെന്ന് നമ്മുടെ പൂർവ്വീകർ ഗ്രഹിച്ചിരുന്നു. പൃഥി രൂപമായ അന്നത്തിൽ ആകാശരൂപമായ അന്നവും, ആകാശരൂപമായ അന്നത്തിൽ പൃഥി രൂപമായ അന്നവും പ്രതിഷ്ഠിതമായിരിയ്ക്കുന്നു എന്ന പ്രമാണം തൈത്തിരീയോപനിഷത്തിൽ സൂചിപ്പിയ്ക്കുന്നു.

ii ) വായു

വായുവില്ലാതെ ജീവജാലങ്ങൾക്ക് നിലനിൽപ്പില്ല. അഞ്ച് വായുക്കളാണ് മനുഷ്യനിൽ പ്രവർത്തിയ്ക്കുന്നത്.
1. പ്രാണവായു : ശ്വാസകോശത്തെ പ്രവർത്തിപ്പിയ്ക്കുന്നു.
2 . അപാനവായു : ആഹാരത്തെ ആവാഹിച്ച് മലമൂത്ര വിസർജ്ജനത്തെ സഹായിക്കുന്നു.
3 . സമാനവായു : ദഹനക്രിയ ത്വരിതപ്പെടുത്തുന്നു.
4 . ഉദാനവായു : ശബ്ദമസ്തിഷ്‌കത്തെ പ്രബുദ്ധമാക്കുന്നു.
5 . വ്യാനവായു : രക്തപ്രവാഹം ത്വരിതപ്പെടുത്തുന്നു.

പ്രാണായാമം ശ്വാസകോശശേഷി വർദ്ധിപ്പിയ്ക്കും. വായുവിനെ ശുദ്ധീകരിയ്ക്കാനുള്ള ശക്തി കൂടുതലുള്ള വൃക്ഷമാണ് അരയാൽ. അരയാൽ പ്രദക്ഷിണം ശുദ്ധ വായുവിനെ ഉപാസിയ്ക്കുന്നതിനായി പഴമക്കാർ ക്രമീകരിച്ചതിന്റെ പ്രമാണമിതാണ്.

iii) സൂര്യൻ
സൂര്യനെ പ്രാണേശ്വരനായും ചന്ദ്രനെ ഔഷധീശ്വരനുമായാണ് ഋഷിമാർ അടയാളപ്പെടുത്തിയത്. വൃക്ഷ ലതാദികൾക്ക് സൂര്യനും ചന്ദ്രനും ഒരുപോലെ പ്രീയപ്പെട്ടതാണ്. വൃക്ഷ ലതാദികളിൽ ഔഷധം പകരുന്നത് ചന്ദ്രനാണ്. പൗർണ്ണമി നാളിൽ ശേഖരിയ്ക്കുന്ന ഔഷധികൾക്ക് ഫലം കൂടുമെന്ന് ആചാര്യന്മാർ പറയുന്നു.

സൂര്യപ്രകാശം സസ്യലതാദികളെ നിലനിർത്തുന്നു. സസ്യലതാദികൾ മനുഷ്യനാവിശ്യമായ ഭക്ഷണം നിർമ്മിയ്ക്കുന്നു. ‘ആരോഗ്യം ഭാസ്കരാദിച് ഛേദ്’ – ആരോഗ്യം സൂര്യനിൽനിന്ന് ചോദിച്ചു വാങ്ങണം എന്നാണ് പ്രമാണം.

iv) ജലം
മനുഷ്യന്റെ ഏല്ലാ കോശങ്ങളും ജലത്താൽ നിബിഢമാണ്. ജലത്തിന് കുറവ് വരുമ്പോഴാണ് ദാഹം അനുഭവപ്പെടുന്നത്. ശുദ്ധജലത്തെ അടയാളപ്പെടുത്തുന്നത് മൂന്ന് ലക്ഷണങ്ങൾ (നിറമില്ലായ്‌മ, ദുർഗന്ധമില്ലായ്‌മ, ദുസ്സാദില്ലായ്മ) – നോക്കിയാണ്.

ജലവും ജ്യോതിസ്സും അന്നമാണ്. ജലം ജ്യോതിസ്സിലും ജ്യോതിസ്സ് ജലത്തിലും പ്രതിഷ്ടതമാണെന്ന് ഋഷി പ്രോക്തം. പ്രകൃതിയിലെ ശുദ്ധജല സ്രോതസ്സുകൾ തകർന്നാൽ മനുഷ്യരാശിയ്ക്ക് നിലനിൽപില്ല.

v) ഭൂമി

ഭൂമിയുടെ പരിശുദ്ധി നിലനിർത്തേണ്ടത് മനുഷ്യകുലധർമ്മമാണ്. സകല ജീവജാലങ്ങൾക്കും സുഭിക്ഷമായി കഴിയാനുള്ള ഭക്ഷണം നൽകാനുള്ള ശേഷി ഭൂമിയ്ക്കുണ്ട്. വിഷം വിതറി കൃഷി നടത്തുന്ന മനുഷ്യൻ സ്വമേധയാ വിനാശം വിതയ്ക്കുന്നു. പ്രകൃതിയെ അറിഞ്ഞു കൃഷി ചെയ്യണം. സകല ചരാചരങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ ഭൂമിയിൽ ലഭ്യമായ ഭക്ഷണം. ആർത്തിപൂണ്ട മനുഷ്യൻ സകലതിനും അതിർത്തി നിച്ഛയിച്ചു.

നമ്മുടെ ഭക്ഷണം പഞ്ചഭൂതങ്ങളാൽ ബന്ധിതമായിരിയ്ക്കണം. പഴങ്ങളിലും പച്ചക്കറികളിലും ആകാശത്തിന്റെയും വായുവിന്റെയും സൂര്യപ്രകാശത്തിന്റെയും ജലത്തിന്റെയും ഭൂമിയുടെയും അംശങ്ങൾ നിറഞ്ഞു നിൽക്കുന്നു.

ആരോഗ്യമുള്ള ജനതയുടെ നിലനിൽപ്പിന് പഞ്ചഭൂതങ്ങളുടെ (ആകാശം, വായു, സൂര്യൻ, ജലം, ഭൂമി) സംരക്ഷണം ആവിശ്യമാണെന്ന് കൊറോണാ വൈറസ് നമ്മെ പഠിപ്പിച്ചു.

പഴമയുടെ പൈതൃകം : ത്രിസന്ധ്യയിൽ ദീപം കൊളുത്തണം !!!*

പഴമയുടെ പൈതൃക വഴികളിൽ നാം സഞ്ചരിയ്ക്കുമ്പോൾ ലഭ്യമാകുന്ന അറിവുകൾ – ആചാരങ്ങളുടെ പ്രൗഢിയും, സംസ്‌കാരത്തിന്റെ സുഗന്ധവും, വിഞ്ജാന കൗതുകവും നിറഞ്ഞു നിൽക്കുന്നതാണ്.

ത്രിസന്ധ്യയിൽ ദീപം കൊളുത്തണം !!! എന്നത് കേവലം ഹൈന്ദവ ആചാരമായി മാത്രമാണ് ബഹുഭൂരിപക്ഷം വരുന്ന ഇതര മതസ്ഥർ കാണുന്നത്.

ദീപവും ധൂപവും വിവിധ മതങ്ങളുടെ ആരാധനാ ക്രമത്തിൽ പ്രാധാന്യം അർഹിയ്ക്കുന്നു.

ചിലർ ഇതിനെ അന്ധ വിശ്വാസങ്ങളായി വ്യാഖ്യാനിയ്ക്കുന്നു. പരസ്‌പരം പോരടിയ്ക്കാൻ മനുഷ്യർ ദിനംപ്രതി കണ്ടെത്തുന്ന കാരണങ്ങളിൽ ഒന്നാണിത്.

ഭൂമി, ജലം, അഗ്നി, ആകാശം, വായൂ എന്നീ പഞ്ച ഘടകങ്ങളിൽ അധിഷ്ഠിതമാണ് പ്രപഞ്ചം. പ്രപഞ്ചത്തെ പ്രതിനിധീകരിയ്ക്കുന്നതാണ് പഞ്ചാക്ഷരീ മന്ത്രം !!!

പ്രപഞ്ച തത്വങ്ങളിൽ അധിഷ്ടിതമാണ് പ്രകൃതി ജീവന ശാസ്‌ത്രം !!!

പ്രപഞ്ച ശക്തിയെ നിയ്രന്തിയ്ക്കുന്ന ചൈതന്യമാണ് ഈശ്വരൻ !!!

ഈശ്വര ചൈതന്യത്തിൽ സഞ്ചരിയ്ക്കേണ്ടവനാണ് മനുഷ്യൻ !!!

ഈ അദ്ധ്യാത്മിക തത്വം പഠിപ്പിച്ചവരാണ് ഭാരതീയ ഋഷിമാർ. ക്രിസ്തീയ സഭയിലെ ആചാര്യന്മാരും ഈ അദ്ധ്യാത്മിക തത്വം അംഗീകരിയ്ക്കുന്നു. ദീപവും ധൂപവും വിവിധ മതങ്ങളുടെ ആചാര ക്രമത്തിൽ കാണാം.

പ്രപഞ്ച ശക്തിയെ നിയ്രന്തിയ്ക്കുന്ന ഈശ്വര ചൈതന്യത്തെ അറിയുവാനാണ് അവർ തപസ്സ് അനുഷ്ഠിച്ചത്.

തപോധനന്മാരായ സന്ന്യാസ ശ്രേഷ്ഠന്മാർ അറിഞ്ഞ അറിവുകളാണ് നാം പൈതൃകമായി ആചരിയ്ക്കുന്നത്.

തപോധനന്മാരായ സന്ന്യാസ ശ്രേഷ്ഠന്മാർ പ്രപഞ്ചനന്മയ്ക്കായി നൽകിയ നിധികളാണ് മന്ത്രങ്ങളും – ഗ്രന്ഥങ്ങളും.
അതിൽ ശാസ്ത്രവും, വേദവും, ആചാരവും, സംസ്‌കാരവും എല്ലാം നിറഞ്ഞു നിൽക്കുന്നു.

അത് ഗ്രഹിയ്ക്കണമെങ്കിൽ ഉള്ളിൽ വെളിച്ചമുണ്ടാകണം.

പ്രകാശം അസ്തമിയ്ക്കുകയും ഇരുൾ ആഗമിയ്ക്കുകയും ചെയ്യുന്ന ത്രിസന്ധ്യയിൽ ദീപം കൊളുത്തണം !!! എന്നത് ആചാരത്തിനപ്പുറം വേദശാസ്ത്ര ചിന്തകളുടെ സമന്വയമാണ്.

പ്രപഞ്ച ശക്തിയെ നിയ്രന്തിയ്ക്കുന്ന മഹാ ചൈതന്യത്തെ – പരമ പ്രകാശത്തെ, നമ്മുടെ ഉള്ളിലും – നാം വസിയ്ക്കുന്ന ഭവനത്തിലും നില നിർത്തണം എന്ന ചിന്തയോടെയാണ് ഈ കർമ്മം ചെയ്യേണ്ടത്.

എള്ളെണ്ണ ഒഴിച്ചു നിലവിളക്ക് കത്തിയ്ക്കണം – അഷ്ടഗന്ധം പുകയ്ക്കണം എന്നാണ് പ്രമാണം !!!

അന്തരീക്ഷത്തിലെ ബാക്ടീരിയകളെ നിർമ്മാർജനം ചെയ്യാൻ ഇതിന് കഴിയും എന്ന് ശാസ്ത്രലോകം അംഗീകരിച്ചിരിയ്ക്കുന്നു.

ഭൂമി, ജലം, അഗ്നി, ആകാശം, വായൂ എന്നീ പഞ്ച ഘടകങ്ങളിൽ അധിഷ്ഠിതമായ പ്രപഞ്ചത്തിന്റെ താളത്മകതയെ തകർക്കുവാൻ നാം ശ്രമിച്ചാൽ നമ്മുടെ താളത്മകതയെ പ്രകൃതി തകർക്കും എന്നാണ് പ്രകൃതി നിയമം.

കോവിഡ് മഹാമാരി ഒരു ത്രിസന്ധ്യയാണ് !!!

ഈ ത്രിസന്ധ്യയെ അതിജീവിയ്ക്കുവാൻ ഒരുപാട് പ്രയത്‌നം ആവിശ്യമാണ്. ഒരുപാട് ദീപങ്ങൾ നാം തെളിയ്ക്കണം.

നാം കീഴടക്കിയ ധന ശ്രോതസ്സും – ജീവിത ശൈലിയും – ആരോഗ്യവും എല്ലാം അസ്തമിയ്ക്കുന്ന പ്രതീതി !!!

മാനവരാശി അത്യന്തം ഭയപ്പാടിലാണ് . കോവിഡ് മഹാമാരി ശമിയ്ക്കുവാൻ വർഷങ്ങളെടുക്കും എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ശാസ്ത്രം വളരുന്നു !!! മനുഷ്യർ തളരുന്നു !!!

പ്രപഞ്ച തത്വങ്ങളിൽ അധിഷ്ടിതമായ പ്രകൃതിജീവന ശാസ്‌ത്രത്തിൽ അധിഷ്ഠിതമായ ജീവിതചര്യ സ്വീകരിയ്ക്കുവാൻ നാം നിർബന്ധിതരാവുകയാണ്.

പഴമക്കാർ ഓതിയ ആചാരങ്ങൾ തിരികെ വരുന്ന സുന്ദരമായ കാഴ്ച്ച.
ദശപുഷ്‌പങ്ങളെ അറിയുവാൻ – നിലവിളക്ക് കത്തിയ്ക്കുവാൻ – അഷ്ടഗന്ധം പുകയ്ക്കുവാൻ എല്ലാം നാം പരിശീലിച്ചേ മതിയാകൂ.

പന്തളം കെ .പി രചിച്ച പ്രസിദ്ധമായ കവിതയുടെ അർത്ഥതലങ്ങൾ ഇത്തരുണത്തിൽ ചിന്തിയ്ക്കുന്നത് നല്ലതാണ്.

“അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും.

സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും.

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍.

സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്കനിന്‍ തിരുനാമങ്ങള്‍ പാടി”

മദ്ധ്യതിരുവിതാംകൂറിലെ വിദ്യാലയങ്ങളിൽ ഈ കവിത ആലപിച്ചായിരുന്നു പഠനം തുടങ്ങിയിരുന്നത്. മതേതര ചിന്തകളും പുരോഗമന വാദികളും നേതൃ പദവിയിൽ എത്തിയപ്പോൾ ഈ കവിതയൊക്കെ വിദ്യാലയങ്ങളിൽ നിന്നും അപ്രത്യക്ഷമായി.

പഴമയുടെ പൈതൃക വഴികളിൽ സഞ്ചരിയ്ക്കുവാൻ ഈ കുറിപ്പ് ഉപകരിയ്ക്കും എന്ന ശുഭ പ്രതീക്ഷയാണുള്ളത്.

ആചാര്യ പരമ്പരകളിലൂടെ കാലം കരുതിവെച്ച പ്രമാണങ്ങളും പൈതൃകങ്ങളും നമ്മുടെ നന്മയ്ക്കായുള്ളതാണ് !!!

പ്രകൃതിയുടെ താളാത്മകതയിൽ നിലകൊള്ളുകയും – നന്മയുടെ പ്രകാശം സ്വജീവിതത്തിൽ സ്വാംശീകരിയ്ക്കുകയും ചെയ്താൽ പ്രപഞ്ച ശക്തിയെ നിയ്രന്തിയ്ക്കുന്ന മഹാ ചൈതന്യം നമ്മിൽ കുടികൊള്ളും എന്നാണ് പ്രമാണം.

 

ഡയസ് ഇടിക്കുള
(ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ലൈബ്രേറിയനാണ് ലേഖകൻ)

 

 

Related Articles

Back to top button