LatestThiruvananthapuram

കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതില്‍ വിലക്ക്

“Manju”

തിരുവനന്തപുരം: കേരള – കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായി വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഏഴു വരെയാണ് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ കാറ്റിന് സാധ്യത. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നും നാളെയും (സെപ്റ്റംബര്‍ 03, 04) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും തെക്കന്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ സെപ്റ്റംബര്‍ അഞ്ചിന് മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കന്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്‍ഡമാന്‍ കടലിലും ആറിനും ഏഴിനും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും തെക്ക്- പടിഞ്ഞാറന്‍, മധ്യ- പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്നു മുതല്‍ ഏഴു വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. അതിനാല്‍ ഈ പ്രദേശങ്ങളില്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button