KeralaLatest

നിപ ; പരിശോധനയ്ക്ക് അയച്ച എട്ട് പേരുടെ ഫലം നെഗറ്റീവ്

“Manju”

കോഴിക്കോട്: നിപ ബാധിച്ച്‌ മരിച്ച 12 കാരന്റെ രക്ഷിതാക്കളടക്കം സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലവും നെ​ഗറ്റീവ് പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് മൂന്നു വീതം 24 സാമ്പിള്‍ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെ​ഗറ്റീവായതായി ആരോ​ഗ്യമന്ത്രി അറിയിച്ചു.

48 പേരാണ് മെഡിക്കല്‍ കോളജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയില്‍ നിലവിലുള്ളത്. കൂടുതല്‍ പേരുടെ സാമ്പിള്‍ ഇന്ന് പരിശോധിക്കും. വയനാട്- 4 എറണാകുളം – 1, കോഴിക്കോട് – 31, മലപ്പുറം – 8, കണ്ണൂര്‍ – 3, പാലക്കാട് 1 എന്നിങ്ങനെയാണ് ഈ വിഭാ​ഗത്തിലുള്ളവരുടെ എണ്ണം. പുലര്‍ച്ചെ അഞ്ചു പേരുടെ സാമ്പിള്‍ പരിശോധന നടത്തിയിട്ടുണ്ട്. ഫലം ഇന്ന് തന്നെ പുറത്ത് വരും. മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരില്‍ 54 ഹൈറിസ്ക് വിഭാ​ഗത്തിലാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

38 പേര്‍ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേര്‍ക്ക് രോ​ഗലക്ഷണങ്ങളുണ്ട്. ഇതില്‍ എട്ട് പേരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെ​ഗറ്റീവായത്. ഹൈറിസ്ക് വിഭാ​ഗത്തിലുള്ള 54 പേരില്‍ 30 പേര്‍ ആരോ​ഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു. രോ​ഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടേയും ആരോ​ഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണവകുപ്പ് സംഘം പ്രദേശത്തുനിന്ന് റമ്പൂട്ടാന്‍ പഴങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലുള്ള ആടിന്റെ ശ്രവങ്ങളും ശേഖരിച്ചു. വിദഗ്ധപരിശോധയ്ക്ക് ഭോപാലില്‍നിന്നുള്ള എന്‍.ഐ.വി. സംഘം ബുധനാഴ്ച എത്തും. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നു കിലോമീറ്ററിലുള്ള വാര്‍ഡുകളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

Related Articles

Back to top button