KeralaLatest

‘ഇത് അമ്മമാരുടെ ദിനമല്ല,അമ്മയുടെ ദിനമാണ്’; ലോക മാതൃദിനത്തെ ഓര്‍ക്കുമ്പോള്‍..

“Manju”

‘അമ്മമാരെ ആദരിക്കാനായി ഒരു ദിനം’ -അതാണ് അന്താരാഷ്ട്ര മാതൃദിനം കൊണ്ട് ലക്ഷ്യമിടുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മാതൃദിനമായി ആചരിക്കുന്നത്.
എന്നുമുതലാണ് ഈ ദിനാചരണം തുടങ്ങിയത് എന്നറിയാമോ? 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമ്മമാർക്കായി ഒരു ദിനം വേണമെന്ന ആവശ്യം ശക്തമായിരുന്നു. എങ്കിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കൻ വനിതയായ അന്ന ജാർവിസാണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്.
1905-ല്‍ തന്റെ അമ്മയായ ‘അന്ന റീവ്സ് ജാർവിസ്’ മരിച്ചതിന് പിന്നാലെയാണ് മകള്‍ അന്ന ജാർവിസ് മാതൃദിനമെന്ന ആശയത്തിലെത്തിയത്. ആഭ്യന്തര യുദ്ധക്കാലത്ത് മുറിവേറ്റ പട്ടാളക്കാരെ സംരക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ചുക്കാൻ പിടിച്ച വനിതയായിരുന്നു അന്ന റീവ്സ് ജാർവിസ്. മരണാനന്തരം അവരുടെ പ്രവർത്തനങ്ങളെ പുകഴ്ത്തിയും നന്ദിപറഞ്ഞും നിരവധിപേർ മകള്‍ അന്നയ്ക്ക് കത്തുകളയച്ചു. ഇതും മാതൃദിനം എന്ന ആശയപ്രചാരണത്തിന് ആക്കം കൂട്ടി. 1908-ല്‍ ഈ പ്രചാരണം ഫലം കണ്ടു. 1908 മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച അന്ന സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്പങ്ങള്‍ അർപ്പിച്ച്‌ പ്രാർഥനയ്ക്ക് തുടക്കം കുറിച്ചു. വിർജീനിയയുടെ പടിഞ്ഞാറൻ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ വെച്ചാണ് ആ ചടങ്ങുകള്‍ നടന്നത്. ഈ പള്ളിയിന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്നാണ് അറിയപ്പെടുന്നത്.
മാതൃദിനത്തെ കലണ്ടർ അവധിയായി പ്രഖ്യാപിക്കണമെന്നതായിരുന്നു അന്നയുടെ ആവശ്യം. അമേരിക്കൻ കലണ്ടറുകള്‍ പുരുഷന്മാരുടെ നേട്ടങ്ങളെ മാത്രം ഉയർത്തിക്കാണിക്കുന്നവയാണെന്ന് അഭിപ്രായപ്പെട്ട അന്ന, മാതൃത്വത്തെ അംഗീകരിക്കുന്നതിനായി ഒരു ദിനം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയക്കാർക്കും പത്രക്കാർക്കും കത്തെഴുതി. 1912-ല്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും പള്ളികളും മാതൃദിനത്തെ അവധിദിനമായി കണക്കാക്കിത്തുടങ്ങി. ഒൻപത് വർഷത്തെ പ്രചാരണത്തിന് ശേഷം 1914-ല്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായർ ഒഴിവുദിനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള രേഖയില്‍ അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ ഒപ്പുവെച്ചു.
ആഘോഷങ്ങളെ എതിർത്ത് അന്ന
‘ഈ ദിവസം നിങ്ങള്‍ അമ്മയോടൊത്ത് അമ്മയ്ക്കുവേണ്ടി ചെലവഴിക്കുകയും അവർ ചെയ്തതിനൊക്കെ നന്ദി പറയുകയും ചെയ്യേണ്ടതാണ്. ഇത് അമ്മമാരുടെ ദിവസമല്ല (Mothers’ day), അമ്മയുടെ ദിവസമാണ് (Mother’s day)’- ഇതായിരുന്നു മാതൃദിനാചരണത്തെക്കുറിച്ചുള്ള അന്നയുടെ കാഴ്ചപ്പാട്. അതിനാല്‍ത്തന്നെ മാതൃദിനത്തിന്റെ പേരിലുള്ള അമിത ആഘോഷങ്ങളെ അവർ എതിർത്തിരുന്നു. അമ്മമാർക്കായി വെറ്റ് കാർനേഷൻ (വെളുത്ത നിറത്തിലെ ഒരിനം പൂവ്) പുഷ്പങ്ങള്‍ സമർപ്പിച്ച്‌ അവർക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് ഏറ്റവും വലുതെന്ന് വിശ്വസിച്ച അന്ന പക്ഷേ ഈ ദിനത്തില്‍ കണ്ടത് പുഷ്പവ്യാപരികളുടേയും കച്ചവടക്കാരുടേയും ആഘോഷ വില്‍പനയായിരുന്നു.


അന്ന ജാർവിസ്
ആളുകള്‍ വൻതുക ചെലവാക്കി ആഘോഷങ്ങള്‍ നടത്തി. ആശംസാ കാർഡുകള്‍, പൂക്കള്‍ എന്നിങ്ങനെ അമേരിക്കയിലെ ചെറുകിട കച്ചവടക്കാർക്ക് ഏറ്റവും ലാഭകരമായ ദിവസമായി അത് മാറി. അമ്മമാരെ ആദരിക്കാനായി ലളിതമായി തുടങ്ങിവെച്ച ആഘോഷം ആഡംബരത്തിന് വഴിമാറിയതോടെ അന്ന ജാർവിസ് തന്നെ ഈ ദിനാചരണത്തെ എതിർത്തു. അമ്മമാർക്കായി സ്വന്തം കൈപ്പടയില്‍ കാർഡ് എഴുതി നല്‍കാൻ സമയം കിട്ടാത്തത് കൊണ്ടാണ് മക്കള്‍ ഗ്രീറ്റിങ് കാർഡുകള്‍ വാങ്ങി നല്‍കുന്നതെന്ന് അവർ വിശ്വസിച്ചു.
ഒരു ഘട്ടത്തില്‍ മാതൃദിനം ബഹിഷ്കരിക്കണം എന്നാവശ്യപ്പട്ട് അവർ സമരം ചെയ്യുകവരെ ഉണ്ടായി. ഇതിന് പിന്നാലെ ക്രമസമാധാനം നഷ്ടപ്പെടുത്തി എന്ന പേരില്‍ അന്നയെ പോലീസ് അറസ്റ്റ് ചെയ്തു. 1920-ഓടെ മാതൃദിനാചരണത്തിനെതിരെ നിയമപരമായും അന്ന ജാർവിസ് നീങ്ങി. അവിവാഹിതയായിരുന്ന അന്ന 1948-ല്‍ മരിക്കുന്നത് വരെ ഈ അവധി അമേരിക്കൻ കലണ്ടറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മാതൃദിനം മറ്റ് രാജ്യങ്ങളില്‍
എല്ലാ രാജ്യത്തും ഈ ദിവസമല്ല മാതൃദിനമായി ആഘോഷിക്കുന്നത്. തായ്ലൻഡില്‍ നിലവിലെ രാജ്ഞിയായ സിരികിറ്റിന്റെ ജന്മദിനമായ ഓഗസ്റ്റ് 12-നാണ് മാതൃദിനമാചരിക്കുന്നത്. അറബ് രാഷ്ട്രങ്ങളില്‍ മാർച്ച്‌ 21-നാണ് മാതൃദിനം. ഇംഗ്ലണ്ട്, അയർലൻഡ് എന്നീ രാജ്യങ്ങളില്‍ മാർച്ച്‌ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. അവിടങ്ങളില്‍ മതപരമായ ആഘോഷമായാണിത് കൊണ്ടാടുന്നത്.
സ്ത്രീകള്‍ യുദ്ധത്തില്‍ പങ്കെടുത്ത മേയ് 27-നാണ് ബൊളീവിയയില്‍ മാതൃദിനമാചരിക്കുന്നത്. ആദ്യ ഇൻഡൊനീഷ്യൻ വുമണ്‍ കോണ്‍ഗ്രസ് നടന്ന ഡിസംബർ 22-നാണ് ഇൻഡൊനീഷ്യയില്‍ ഈ ദിനാചരണം. രാജ്യത്ത് സ്ത്രീകള്‍ നല്‍കിയ സംഭാവനകളെ ആദരിക്കാനാണ് അവിടെ ഈ ദിനം കൊണ്ടാടുന്നത്. മഴക്കാലം അവസാനിക്കുന്ന ഒക്ടോബർ, മേയ് മാസങ്ങളിലാണ് എത്യോപിയയില്‍ മാതൃദിനാചരണം.

Related Articles

Back to top button