Motivation

തനിക്ക് ആയിരം ‘കൈകൾ ‘ കൊണ്ട് തമാശകള്‍ പറയാനാകും: മാളവിക അയ്യര്‍

“Manju”

കൊച്ചി : ചെറിയ പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ പോലും പകച്ചുപോകുന്നവര്‍ക്ക് മാതൃകയാണ് ഡോ.മാളവിക അയ്യര്‍ എന്ന പെണ്‍കുട്ടി . പതിമൂന്നാം വയസ്സില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഇരുകൈകളും നഷ്ടപ്പെട്ടതാണ് ഡോ. മാളവിക അയ്യര്‍ക്ക്.ഇരുകൈകളും ഇല്ലെങ്കിലും മാളവിക കണ്ട സ്വപ്‌നങ്ങള്‍ അതിരുകളില്ലാത്തതായിരുന്നു. അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കറായ മാളവിക ഡോക്ടറേറ്റും നേടിയിരുന്നു.

തന്റെ വീഡിയോയ്‌ക്ക് വന്ന പരിഹാസത്തിന് അവര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഭൂരിഭാഗം പേരും വിഷമിച്ചുപോയേക്കാവുന്ന ട്രോളാണ് മാളവികയുടെ വീഡിയോയ്‌ക്ക് താഴെ വന്നത് .

തന്റെ വീഡിയോയ്‌ക്ക് ലഭിച്ച കമന്റും അതിനുള്ള മറുപടിയും സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് മാളവിക പങ്കുവെച്ചത്. ‘ഞങ്ങളുടെ വീട്ടിൽ എന്റെ കൈകളെക്കുറിച്ച് എപ്പോഴും തമാശ പറയാറുണ്ട്. ബോംബ് സ്‌ഫോടനത്തിനുശേഷം ആ വേദനകള്‍ കുറക്കാൻ സഹായിച്ചതും ഈ നർമ്മബോധമാണ്. ആളുകള്‍ സഹതാപത്തോടെ കാണുന്നതാണ് എന്റെ ഹൃദയം തകര്‍ക്കുന്നത്. മികച്ച വിദ്യാഭ്യാസം നേടിയും ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചും നല്ല രീതിയില്‍ ഞാൻ എന്റെ തൊഴില്‍ മുന്നോട്ടു കൊണ്ടുപോകുന്നു . എന്റെ ജീവിതം ഏറ്റവും മികച്ച രീതിയിലാണ് ജീവിച്ച് തീർക്കുന്നത് ‘ മാളവിക കുറിച്ചു.

പാവം പെണ്ണ് എന്ന കമന്റിന് തനിക്ക് ആയിരം ‘കൈകൾ ‘ കൊണ്ട് തമാശകള്‍ പറയാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാളവികയുടെ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

തമിഴ്‌നാട്ടിലെ കുംഭകോണം സ്വദേശികളായ മാളവികയുടെ കുടുംബം പിന്നീട് രാജസ്ഥാനിലെ ബിക്കാനീറിലേക്ക് താമസം മാറുകയായിരുന്നു. അവിടെവച്ചാണ് ഗ്രനേഡ് പൊട്ടിത്തെറിച്ച് മാളവികയ്‌ക്ക് ഇരുകൈകളും നഷ്ടമാകുന്നത് . പതിനെ‌ട്ടു മാസത്തെ ചികിൽസയ്‌ക്കും നൂറോളം സർജറികൾക്കും ശേഷമാണ് മാളവികയുടെ കൈ മുറിച്ചു മാറ്റിയത്.

 

 

 

Related Articles

Back to top button