KeralaLatestThiruvananthapuram

കോവിഡ്‌ മരണം : കുടുംബങ്ങള്‍ക്ക്‌ സമാശ്വാസ ധനസഹായം

“Manju”

തിരുവനന്തപുരം: കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ ആശ്രിതരില്‍, ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവര്‍ക്കു പ്രത്യേക സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാതീരുമാനം. നിലവിലെ 50,000 രൂപ സഹായത്തിനു പുറമേ, പ്രതിമാസം 5000 രൂപ വീതം മൂന്നുവര്‍ഷത്തേക്കാണു സമാശ്വാസ സഹായം. ഇനിയുണ്ടാകുന്ന കോവിഡ്‌ മരണങ്ങള്‍ക്കും ഇതു ബാധകമാണ്‌.

സാമൂഹികക്ഷേമ പെന്‍ഷന്‍/ക്ഷേമനിധി/മറ്റ്‌ പെന്‍ഷനുകള്‍ എന്നിവ ലഭിക്കുന്നതു സമാശ്വാസ സഹായത്തിന്‌ അയോഗ്യതയാവില്ല. മരണം സംസ്‌ഥാനത്തിന്‌ അകത്തോ പുറത്തോ വിദേശത്തോ ആണെങ്കിലും കുടുംബം സംസ്‌ഥാനത്തു സ്‌ഥിരതാമസമാണെങ്കില്‍ ആനുകൂല്യം ലഭിക്കും. മരിച്ചയാള്‍ക്ക്‌ ഉണ്ടായിരുന്ന വരുമാനം ഒഴിവാക്കിയാകും ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. ഇതിനായി ഒറ്റപ്പേജില്‍ ലളിതമായ ഫോമില്‍ ആശ്രിതര്‍ അപേക്ഷിക്കണം. തുടര്‍നടപടികള്‍ക്കു ജില്ലാ കലക്‌ടര്‍മാരെയും റവന്യൂ അധികൃതരെയും ചുമതലപ്പെടുത്തി.
അപേക്ഷിച്ച്‌ പരമാവധി 30 പ്രവൃത്തിദിവസത്തിനകം ആനുകൂല്യം നല്‍കും. ആശ്രിതകുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്നു വില്ലേജ്‌ ഓഫീസര്‍ ഉറപ്പുവരുത്തണം. അപേക്ഷ തീര്‍പ്പാക്കാന്‍ അപേക്ഷകരെ ഓഫീസില്‍ വിളിച്ചുവരുത്തരുത്‌. പ്രതിമാസം 5000 രൂപ വീതം ബാങ്ക്‌ അക്കൗണ്ടുകളിലേക്കു നല്‍കും. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു വഹിക്കും.

Related Articles

Back to top button