IndiaLatest

ഇന്ത്യയിൽ നിന്നുള്ള അഞ്ച് കുട്ടികളെ ദത്തെടുത്ത് ഒരമ്മ

“Manju”

അനാഥരായ അഞ്ച് പെൺകുട്ടികൾക്ക് പുതുജീവൻ നൽകിയിരിക്കുകയാണ് വിദേശവനിതയായ ക്രിസ്റ്റൈൻ. 39 കാരിയായ ക്രിസ്റ്റൈൻ ഒരു സിംഗിൾ മദറായതിനാൽ കുട്ടികളെ ദത്തടുക്കുക എന്നത് ഇവരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു.
നിരവധി രാജ്യങ്ങളിലെ അനാഥാലയങ്ങളിൽ കുട്ടികളെ ദത്തെടുക്കുന്നതിനായി ഇവർ ശ്രമങ്ങൾ നടത്തിയെങ്കിലും ഒടുവിൽ ഇന്ത്യയിൽ നിന്നുമാണ് ഇവർക്ക് ഇതിന് അനുമതി ലഭിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള ഒരു ഏജൻസിയിൽ നിന്നും കുഞ്ഞിനെ ദത്തെടുക്കാൻ തടസങ്ങളില്ലെന്നു പറഞ്ഞുകൊണ്ട് ഒരു ഫോൺ കോൾ ക്രിസ്റ്റൈനിനെ തേടിയെത്തിയത്.
അതേസമയം കുഞ്ഞിനെ ദത്തെടുക്കുമ്പോൾ ചില നിബന്ധനകൾ പാലിക്കണമെന്നും ഏജൻസി ഇവരെ അറിയിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ള കുഞ്ഞുങ്ങളെ മാത്രമേ ഇത്തരത്തിൽ ദത്തെടുക്കാൻ കഴിയു എന്നാണ് ഏജൻസി അറിയിച്ചത്. ഇത് ക്രിസ്റ്റൈനിനെ വേദനിപ്പിച്ചെങ്കിലും പിന്നീട് പ്രത്യേക പരിഗണന ആവശ്യമായ ഒരു കുഞ്ഞിനെത്തന്നെ ദത്തെടുക്കാൻ ക്രിസ്റ്റൈൻ തീരുമാനിക്കുകയായിരുന്നു.
അങ്ങനെ ആഴ്ചകൾക്ക് ശേഷം അഞ്ചു വയസുകാരിയായ മുന്നിയെ ക്രിസ്റ്റൈൻ സ്വന്തമാക്കി. 2013 ൽ ക്രിസ്റ്റൈൻ മുന്നിയെ സ്വന്തമാക്കുമ്പോൾ അവളിൽ ചെറിയ പെരുമാറ്റ വൈകല്യങ്ങൾ കണ്ടിരുന്നു. പിന്നീട് സ്നേഹവും ലാളനയും കൊണ്ട് മുന്നിയെ തന്റെ പ്രിയപ്പെട്ട മകളായി ക്രിസ്റ്റൈൻ വളർത്തി.
അങ്ങനെ മുന്നി വളർന്നപ്പോൾ അവൾക്കൊരു കൂട്ട് വേണമെന്ന ചിന്തയിൽ നിന്നാണ് രൂപയെ ക്രിസ്റ്റൈൻ ദത്തെടുക്കുന്നത്. 22 മാസം മാത്രം പ്രായമായ രൂപയെ ക്രിസ്റ്റൈൻ സ്വന്തമാക്കുമ്പോൾ അവൾക്ക് മൂക്കുകളിലെ ദ്വാരം ഉണ്ടായിരുന്നില്ല.
പിന്നീട് രണ്ട് വർഷത്തിനിടെ സൊനാലി, മോഹിനി എന്നീ രണ്ടു കുട്ടികളെക്കൂടി ക്രിസ്റ്റൈൻ ദത്തെടുത്തു. 2020 ൽ നിഗ്‌ധ എന്ന ഡൗൺ സിൻഡ്രോം ബാധിച്ച കുഞ്ഞിനെക്കൂടി ദത്തെടുത്തതോടെ അഞ്ച് കുട്ടികളുടെ അമ്മയായി മാറി ഈ വിദേശവനിത. നിരവധിപ്പേരാണ് ഈ നന്മ നിറഞ്ഞ അമ്മയ്ക്ക് ഇപ്പോൾ അഭിനന്ദനങ്ങളുമായി എത്തുന്നത്.

Related Articles

Back to top button