India

ബഹിരാകാശത്തെ സൈനിക സാങ്കേതിക ശേഷി വർദ്ധിപ്പിക്കാൻ ഇന്ത്യ

“Manju”

ന്യൂഡൽഹി: മിഷൻ ശക്തിക്ക് ശേഷം ബഹിരാകാശത്തെ സൈനിക സാങ്കേതിക ശേഷി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. ഇതിനായി സെൻസറുകളും ഉപഗ്രഹങ്ങളും ഗ്രൗണ്ട് സ്റ്റേഷനുകളും ഡിആർഡിഒ വികസിപ്പിച്ചുകഴിഞ്ഞു. യുദ്ധമുഖങ്ങളിൽ ഭൂമിയിൽ സൈനികർക്ക് സഹായമാകുന്ന സംവിധാനങ്ങളാണ് ബഹിരാകാശത്ത് ഒരുക്കുന്നത്.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഡിആർഡിഒയുടെ നേതൃത്വത്തിൽ ബഹിരാകാശത്തെ സൈനിക ശേഷി വർദ്ധിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഏതൊരു ഉപഗ്രഹത്തെയും നിഷ്‌ക്രിയമാക്കാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് തെളിയിക്കുന്ന മിഷൻ ശക്തി 2019 മാർച്ചിലാണ് ഇന്ത്യ നടത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ സംവിധാനങ്ങൾ വികസിപ്പിക്കാൻ ഒരുങ്ങുന്നത്.

എയർ വൈസ് മാർഷൽ റാങ്ക് ഓഫീസറുടെ നേതൃത്വത്തിൽ ഡിഫൻസ് സ്‌പേസ് ഏജൻസി രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മൂന്ന് സേനാവിഭാഗങ്ങൾക്കും ആവശ്യമായ ബഹിരാകാശ സാങ്കേതിക സേവനങ്ങൾ ഈ ഏജൻസിയുടെ മേൽനോട്ടത്തിലാണ് വികസിപ്പിക്കുക. പ്രതിരോധ സേനകൾക്കായുളള സിഗ്നൽ ഇന്റലിജൻസ്, ഇലക്ട്രോണിക് ഇന്റലിജൻസ്, കമ്മ്യൂണിക്കേഷൻ ഇന്റലിൻജൻസ് തുടങ്ങിയവയിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

വിദൂരതയിൽ നടക്കുന്ന കാര്യങ്ങൾ സൈനികർക്ക് കൂടുതൽ കൃത്യമായും വ്യക്തമായും മനസിലാക്കാൻ സഹായിക്കുന്ന ഹൈ റെസല്യൂഷൻ ഇമേജിങ് ടെക്‌നോളജി ഉൾപ്പെടെ പരിഗണനയിലാണ്. നിലവിലുളള സംവിധാനത്തെക്കാൾ കാര്യക്ഷമമായ ടെക്‌നോളജി വികസിപ്പിക്കാനാണ് നീക്കം. ലഡാക്കിൽ ചൈന നടത്തിയ അധിനിവേശത്തിന്റെയും കൈയ്യേറ്റത്തിന്റെയും പശ്ചാത്തലത്തിലാണ് ഇതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.

Related Articles

Back to top button