IndiaLatest

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പ്രധാനം ; സുപ്രീം കോടതി

“Manju”

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീം കോടതി. നിലവില്‍ ജലനിരപ്പ് 137.7 അടിയായതിനാല്‍ ആശങ്കപ്പെടാനില്ലെന്ന് കോടതി അറിയിച്ചു. സുരക്ഷയുടെ കാര്യത്തില്‍ 2006 ല്‍ നിന്ന് ഒരുപാടുകാര്യങ്ങള്‍ 2021ല്‍ മാറിയിട്ടുണ്ടാകും. നിലവില്‍ ആശങ്കപ്പെടേണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന് മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ അറിയിച്ചു. തങ്ങളുടെ ആവശ്യത്തോട് കേരളം വിയോജിച്ചുവെന്നും സമിതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി പരിഗണിക്കവെയാണ് സമിതി നിലപാട് അറിയിച്ചത്.

ജലനിരപ്പ് 139 അടിയ്‌ക്ക് താഴെ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കേരളം കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പില്‍ ആശങ്കയുണ്ടെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ശക്തമായ മഴ പെയ്‌തെന്നും നവംബറിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും കേരളം കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജലനിരപ്പ് ക്രമീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മേല്‍നോട്ട സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് അനുസരിച്ച്‌ നിയന്ത്രിക്കുമെന്ന് സിമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ജലകമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഇപ്പോഴത്തെ റൂള്‍ കര്‍വ് 138 അടിയാണ്. ഈ അളവില്‍ ജലനിരപ്പ് എത്തിയാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും.

Related Articles

Back to top button