KeralaLatestThiruvananthapuram

അനുമതി ലഭിച്ചാല്‍ മൂന്ന് വര്‍ഷത്തിനകം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്

“Manju”

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷയെ സംബന്ധിച്ച്‌ നിരവധി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കേരളം പുതിയ ഡാം എങ്ങനെ പണിയാം എന്നതിനെ ചൊല്ലിയും ചര്‍ച്ചകള്‍ നടക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി വിശദമായ പ്രൊജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുമ്പോഴും മുല്ലപെരിയാറില്‍ അണക്കെട്ടു നിര്‍മ്മിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കണം എന്നതാണ് കേരളത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. തമിഴകത്തെ രാഷ്ട്രീയ പ്രശ്‌നം കൂടിയാണ് ഇതെന്നതിനാല്‍ അവര്‍ ഇതിന് സമ്മതിക്കില്ലെന്നത് ഏതാണ്ട് ഉറപ്പാണ്. എങ്കിലും ശുഭപ്രതീക്ഷയോടെ അണിയറയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കിയാല്‍ കേരളം 3 വര്‍ഷത്തിനുള്ളില്‍ ഡാം പണിയാനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതു മുന്നില്‍ കണ്ടാണ് സംസ്ഥാന ജലവിഭവ വകുപ്പ് പുതുതായി നിര്‍മ്മിക്കാന്‍ ഉദേശിക്കുന്ന ഡാമിന്റെ വിശദ പ്രോജക്‌ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നത്.
ഇടുക്കി ജില്ലയില്‍ കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഈ പ്രദേശം. ഇവിടെ അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെയു കുറച്ചുഭാഗം വെള്ളത്തിന് അടിയിലാകും.
പുതിയ അണക്കെട്ടില്‍ വെള്ളം നിറച്ച്‌ സുരക്ഷാപരിശോധന നടത്തിയശേഷം, പഴയ ഡാം പൊളിക്കാനാണ് (ഡീകമ്മിഷന്‍) ആലോചന. ഡീകമ്മിഷന്‍ ചെയ്യുമ്പോള്‍ അടിഞ്ഞു കൂടുന്ന അവശിഷ്ടങ്ങളുടെ കണക്കും തയാറാക്കും. വനമേഖലയായതിനാല്‍ ഇതു അടിയന്തരമായി നീക്കം ചെയ്യാന്‍ കര്‍മപദ്ധതിയും തയാറാക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കണമെങ്കില്‍ തമിഴ്‌നാടിന്റെ അനുമതി വാങ്ങണമെന്നാണു സുപ്രീംകോടതി നിര്‍ദ്ദേശം.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പുതിയ ഡാം നിര്‍മ്മിക്കാന്‍ തമിഴ്‌നാട് തയാറായാല്‍, അണക്കെട്ടു നിര്‍മ്മിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണു കേരളത്തിന്റെ നീക്കം. തമിഴ്‌നാട് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. അതേസമയം പുതിയ അണക്കെട്ട് എന്ന വാദം എളുപ്പത്തില്‍ നടക്കുന്ന കാര്യമാണ്. പാരിസ്ഥിതിക അനുമതി അടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്.

പുതിയ അണക്കെട്ടു നിര്‍മ്മിക്കുന്നതിനു മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാക്കി അംഗീകാരത്തിനായി നല്‍കണം. കരാര്‍ ഏജന്‍സിയായ ഹൈദരാബാദിലെ പ്രഗതി ലാബ്‌സ് ആന്‍ഡ് കണ്‍സല്‍റ്റന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. വര്‍ഷ കാലം, വര്‍ഷ കാലത്തിനു മുന്‍പുള്ള സാഹചര്യം, ശിശിര കാലം എന്നിവ മുല്ലപ്പെരിയാര്‍ മേഖലയിലെ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നിവയാണ് പരിസ്ഥിതി ആഘാത പഠന വിധേയമാക്കുന്ന വിഷയങ്ങള്‍. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അണക്കെട്ട് നിര്‍മ്മാണത്തെക്കുറിച്ച്‌ തീരുമാനമെടുക്കുക.
ഡിപിആര്‍ തയാറാക്കിയ ശേഷം, അണക്കെട്ടു സംബന്ധിച്ച സ്ഥലത്തിന്റെ വിവരങ്ങള്‍, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തുടങ്ങിയവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കണം. വനം പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടിയാല്‍ അന്തിമ അനുമതിക്കായി കേന്ദ്ര ജലകമ്മിഷന് നല്‍കണം. ഈ കടമ്ബയെല്ലാം കഴിഞ്ഞാലും ഡാം നിര്‍മ്മാണത്തിനായി വന്‍തുകയും കണ്ടെത്തേണ്ടി വരുമെന്നതാണ് കേരളത്തിന് മുന്നിലെ പ്രശ്‌നം.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ചര്‍ച്ച ഡിസംബറില്‍ ചെന്നൈയില്‍ നടത്തുമെന്നത് പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന കാര്യമാണ്. അണക്കെട്ട് ബലപ്പെടുത്തല്‍, ജലനിരപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, തമിഴ്‌നാട് മന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ എസ്.ദുരൈമുരുഗന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് അറിയിച്ച്‌ എം.കെ.സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

Related Articles

Back to top button