KeralaLatestThiruvananthapuram

ഇന്ധന വില ഇന്നും വര്‍ധിച്ചു

“Manju”

തിരുവനന്തപുരം: കോവിഡ് ദുരിതങ്ങള്‍ക്കിടയിലും രാജ്യത്ത് ഇന്ധനവില വര്‍ധന അവധിയില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 രൂപയും കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.30 രൂപയും ഡീസല്‍ 103.17 രൂപയും കോഴിക്കോട് പെട്രോളിന് 109.44 രൂപയും ഡീസല്‍ 103.31 രൂപയുമായി. കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോള്‍ വിലയില്‍ 7.92 രൂപയും ഡീസലിന് 8.95 രൂപയുമാണ് കൂടിയത്.

ചില സംസ്ഥാനങ്ങളില്‍ പെട്രോളിന് 121 രൂപ കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ ഒരു ലിറ്റര്‍ പെട്രോളിന് 121.25 രൂപയും ഡീസല്‍ ലിറ്ററിന് 112.15 രൂപയുമാണ്. മധ്യപ്രദേശിലെ അന്നുപ്പുരില്‍ പെട്രോളിന് 121.13 രൂപയും ഡീസലിന് 110.29 രൂപയുമാണ്. മധ്യപ്രദേശിലെ ബാലാഘട്ടില്‍ പെട്രോളിന് 120.06 രൂപയുണ്ട്. ഡീസലിന് 109.32 രൂപ. പെട്രോളിനും ഡീസലിനും മോദി സര്‍ക്കാര്‍ ചുമത്തുന്ന അന്യായ എക്സൈസ് തീരുവയാണ് അമിത വിലയ്ക്ക് കാരണം. പെട്രോളിന് ലിറ്ററിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര നികുതി. മോദി സര്‍ക്കാര്‍ പെട്രോളിന് മൂന്നര ഇരട്ടിയും ഡീസലിന് ഒമ്ബത് ഇരട്ടിയുമാണ് തീരുവ കൂട്ടിയത്. പെട്രോള്‍-ഡീസല്‍ വിലയില്‍ മറ്റ് അയല്‍രാജ്യങ്ങളെയും ഇന്ത്യ ബഹുദൂരം പിന്നിലാക്കിയിട്ടുണ്ട്.

പാകിസ്ഥാനില്‍ ഡീസലിന് ലിറ്ററിന് 57.83 രൂപയേയുള്ളൂ. പെട്രോളിനും ഡീസലിനും യഥാക്രമം അഫ്ഗാനില്‍ 54, 46.43, ശ്രീലങ്കയില്‍ 68.33, 41.25, ബംഗ്ലാദേശില്‍ 78, 56.93 നേപ്പാളില്‍ 81.23, 70.65, മ്യാന്‍മറില്‍ 65.7, 57.83 രൂപയും മാത്രമേ ഉള്ളൂ. 53 രാജ്യങ്ങളില്‍ ഇന്ത്യയിലേക്കാള്‍ ഉയര്‍ന്ന പെട്രോള്‍ വിലയുണ്ടെങ്കിലും ഭൂരിഭാഗവും സമ്ബന്ന രാജ്യങ്ങളാണ്. ഈ രാജ്യങ്ങളില്‍ ആളോഹരി വരുമാനത്തില്‍ ഇന്ത്യയേക്കാള്‍ പിന്നിലുള്ളത് സിംബാബ്വെയും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കും മാത്രമാണ്.
ഹോങ്കോങ്ങിലാണ് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില-198.6 രൂപ. നെതര്‍ലന്‍ഡ്സില്‍ 171.15 രൂപയും നോര്‍വേയില്‍ 169.5 രൂപയും ഡെന്‍മാര്‍ക്കില്‍ 161.1 രൂപയുമാണ്. ഹോങ്കോങ്ങിന്റെ ആളോഹരി വരുമാനം 46,733 ഡോളറും നെതര്‍ലന്‍ഡ്സിന്റേത് 48,796 ഡോളറും നോര്‍വേയുടേത് 75,428 ഡോളറും ഡെന്‍മാര്‍ക്കിന്റേത് 57,545 ഡോളറുമാണ്. ഇന്ത്യയുടെ ആളോഹരി വരുമാനമാകട്ടെ 1980 ഡോളര്‍മാത്രവും.

Related Articles

Back to top button