KeralaKottayamLatest

വരന്‍ ന്യൂസിലന്‍ഡിലിരുന്ന്‌ കേരളത്തിലുള്ള വധുവിന്‌ “താലികെട്ടി”

“Manju”

ചെങ്ങന്നൂര്‍ : കൊട്ടും മേളവും വരണമാല്യവും സദ്യയുമില്ലാതെ ഒരു വിവാഹം. വധു കേരളത്തിലും വരന്‍ ന്യൂസിലന്‍ഡിലും. കഴിഞ്ഞ മാര്‍ച്ച്‌ 20-നായിരുന്നു വിവാഹ നിശ്‌ചയം. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വൈശാഖിനു ജോലിസ്‌ഥലമായ ന്യൂസിലന്‍ഡിലേക്കു മടങ്ങേണ്ടി വന്നു. കോവിഡ്‌ വ്യാപനം മൂലം വിമാനയാത്രകള്‍ തടസപ്പെട്ടതിനാല്‍ നിശ്‌ചയിച്ച സമയത്ത്‌ നാട്ടിലെത്താന്‍ സാധിച്ചില്ല. ന്യൂസിലന്‍ഡില്‍നിന്ന്‌ ഇപ്പോഴും ഇന്ത്യയിലേക്കു വിമാന സര്‍വീസ്‌ ആരംഭിച്ചിട്ടില്ല. ഇതു ചൂണ്ടിക്കാട്ടി വധുവിന്റെ വീട്ടുകാര്‍ ഓണ്‍ലൈന്‍ വിവാഹത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന്‌, ആലപ്പുഴ ജില്ലാ രജിസ്‌ട്രാര്‍ അജിത്ത്‌ സാം ജോസഫ്‌, ചെങ്ങന്നൂര്‍ സബ്‌ രജിസ്‌ട്രാര്‍ ഇന്‍ ചാര്‍ജ്‌ സുരേഷ്‌കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചെങ്ങന്നൂര്‍ സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കു 12-ന്‌ വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴി വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കി. ചെങ്ങന്നൂര്‍ സബ്‌ രജിസ്‌ട്രാര്‍ ഹരികൃഷ്‌ണന്‍ നടപടികള്‍ക്കുള്ള സൗകര്യങ്ങളൊരുക്കി. വിവാഹ രജിസ്‌റ്ററില്‍ വധു ലിനുവും വരനു വേണ്ടി പിതാവ്‌ രാജവത്സലനും ഒപ്പുവച്ചു. ഇതിന്‌ ന്യൂസിലന്‍ഡ്‌ എംബസിയുടെ സത്യവാങ്‌മൂലവും ഹാജരാക്കിയിരുന്നു. ചടങ്ങിനു മുമ്ബ്‌ വരനും വധുവും ഓണ്‍ലൈനില്‍ സത്യപ്രതിജ്‌ഞയും എടുത്തു.
ചെങ്ങന്നൂര്‍ ബാറിലെ അഭിഭാഷക ദിവ്യാ ഉണ്ണിക്കൃഷ്‌ണനാണ്‌ ഓണ്‍ലൈന്‍ വിവാഹത്തിനുള്ള രേഖകള്‍ തയാറാക്കിയത്‌. ന്യൂസിലന്‍ഡ്‌ ക്രൈസ്‌റ്റ്‌ ചര്‍ച്ചില്‍ പ്രോസസിങ്‌ എന്‍ജിനീയറാണു വൈശാഖ്‌(30). പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്‌റ്റാണ്‌ ഡോ. ലിനു ലക്ഷ്‌മി(25). വിമാന സര്‍വീസ്‌ പുനരാരംഭിച്ചാലുടന്‍ ലിനുവിനുള്ള വിസയുമായി വൈശാഖ്‌ നാട്ടിലെത്തും. പിന്നീട്‌ ആചാരപ്രകാരം വിവാഹം നടത്തും.

Related Articles

Back to top button