LatestSports

സഞ്ജു പിറന്നാള്‍ നിറവില്‍

“Manju”

ന്യൂഡല്‍ഹി: കേരളത്തിന് അഭിമാനം പകര്‍ന്ന് ഉയര്‍ന്നുവന്ന ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ജന്മദിനമാണ് വ്യാഴാഴ്ച.

1994 നവംബര്‍ 11ന് തിരുവനന്തപുരത്തെ വിഴിഞ്ഞത്തെ പുല്ലുവിളയിലാണ് സഞ്ജു വിശ്വനാഥ് സാംസണ്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്നു. കുട്ടിക്കാലത്ത്, ഡല്‍ഹിയിലെ റോസറി സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്ന സഞ്ജു, പിന്നീട് തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലായിരുന്നു തുടര്‍ വിദ്യാഭ്യാസം.

തന്റെ ക്രിക്കറ്റ് ജീവിതം രൂപപ്പെടുത്തുന്നതില്‍ പിതാവ് വലിയ പങ്കുവഹിച്ചതായി സഞ്ജു പറഞ്ഞിട്ടുണ്ട്. ഡല്‍ഹി അന്‍ഡര്‍ 13 ടീമില്‍ ഇടം നേടാനാകാതെ വന്നതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ എന്ന നിലയില്‍ സ്ഥിരമായിരുന്ന ജോലി അദ്ദേഹം സ്വമേധയാ ത്യജിച്ചു. സാംസണിന്റെ ക്രിക്കറ്റ് കരിയറിന് ഒരു പുതിയ തുടക്കം നല്‍കുന്നതിനായി കുടുംബം പിന്നീട് സ്വന്തം നാട്ടിലേക്ക് മടങ്ങി.
കേരള അന്‍ഡര്‍ 13 ടീമില്‍ ഇടംനേടിയ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറിയും നേടി.

അന്‍ഡര്‍ 13 ലെ മിന്നുന്ന പ്രകടനങ്ങള്‍ സഞ്ജുവിനെ അന്‍ഡര്‍ 16 കേരള ടീമിലേക്ക് ഉയര്‍ത്തി. ഗോവയ്‌ക്കെതിരായ വിജയ് മര്‍ചന്റ് സൗത് സോണ്‍ ട്രോഫി മത്സരത്തില്‍ 138 പന്തില്‍ പുറത്താകാതെ 200 റണ്‍സ് നേടി. ടൂര്‍ണമെന്റിലെ പ്രധാന റണ്‍ വേട്ടക്കാരനായി അദ്ദേഹം ഉയര്‍ന്നു. ഇതോടെ രഞ്ജി ടീമിലേക്ക്
അദ്ദേഹത്തെ തിരഞ്ഞെടുത്തു.

2009-ല്‍ 15-ാം വയസില്‍ സാംസണ്‍ കേരള രഞ്ജി ടീമിലെത്തി. 2011 സീസണില്‍ വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ മൂന്ന് റണ്‍സ് മാത്രമേ നേടാനായുള്ളൂ. എന്നാല്‍ വൈകാതെ ഹിമാചല്‍ പ്രദേശിനെതിരെ സെഞ്ച്വറി നേടി. 2012ലെ ഏഷ്യാ കപിനുള്ള അന്‍ഡര്‍ 19 ടീമില്‍ സഞ്ജു ഇടം നേടി. എന്നിരുന്നാലും, മൂന്ന് മത്സരങ്ങളില്‍ നിന്ന് 14 റണ്‍സ് മാത്രമായിരുന്നു സമ്ബാദ്യം. മോശം പ്രകടനങ്ങള്‍ കാരണം 2012 ലെ ഐ സി സി അന്‍ഡര്‍ 19 ലോകകപ്പിലേക്ക് തിരഞ്ഞെടുത്തില്ല.

കേരള അന്‍ഡര്‍ 19 ന് വേണ്ടിയുള്ള കൂച്ച്‌ ബെഹാര്‍ ട്രോഫിയിലെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ സഞ്ജു സാംസണിനെ ഇന്‍ഡ്യന്‍ അന്‍ഡര്‍ 19 ടീമില്‍ ഇടം നേടുന്നതിന് സഹായിച്ചു. അന്‍ഡര്‍ 19 ഏഷ്യാ കപ് 2013 ഫൈനലില്‍ മിന്നുന്ന സെഞ്ച്വറി നേടി, പാകിസ്താനെ തോല്‍പിച്ച്‌ ട്രോഫി നിലനിര്‍ത്താന്‍ ഇന്‍ഡ്യയെ സഹായിച്ചു.

2012 ഐപിഎല്‍ സീസണില്‍ കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു സാംസണ്‍. തുടര്‍ന്നുള്ള സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക് മാറി. 2013ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് സാംസണ്‍ ഐപിഎലില്‍ അരങ്ങേറ്റം കുറിച്ചത്. 126 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാന്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം അദ്ദേഹം അപരാജിത കൂട്ടുകെട്ടുണ്ടാക്കി. 23 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടി. മത്സരം കഴിഞ്ഞയുടനെ യുവ ബാറ്റ്‌സ്മാനെ പുകഴ്ത്തി എല്ലാ കോണുകളില്‍ നിന്നും പ്രശംസകള്‍ ഉയര്‍ന്നു. അതിനുശേഷം, ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ തന്റെ അടുത്ത മത്സരത്തില്‍, 41 പന്തില്‍ 63 റണ്‍സ് നേടി. അന്ന് 18 വര്‍ഷവും 169 ദിവസവും പ്രായമുണ്ടായിരുന്ന സഞ്ജു, ഐപിഎല്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരില്‍ ഒരാളായി മാറി.

2014 ഓഗസ്റ്റില്‍ ഇന്‍ഗ്ലന്‍ഡിനെതിരെയുള്ള അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20യിലും കളിക്കാന്‍ ഇന്‍ഡ്യയുടെ 17 അംഗ ടീമിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുത്തു. പക്ഷേ, ഒരു മത്സരത്തിലും ഇടംനേടാത്ത അദ്ദേഹം എം‌എസ് ധോണിയുടെ ബാക്കപ് കീപ്പറായി തുടര്‍ന്നു. 2015 ജൂലൈയില്‍ ഹരാരെയില്‍ വച്ച്‌ സിംബാബ്‌വെയ്ക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. മികച്ച ഒരു ഭാവി പ്രതീക്ഷിക്കുന്ന താരത്തിന്റെ അസ്ഥിര പ്രകടനങ്ങളാണ് പലപ്പോഴും വില്ലനാവുന്നത്.

Related Articles

Back to top button