InternationalLatest

തൊഴില്‍ വിസക്ക് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കുന്നു

“Manju”

സൗദിയില്‍ തൊഴില്‍ വിസക്ക് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കുന്നു. നടപടിക്രമം തയ്യാറാക്കാന്‍ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ സൗദിയിലേക്ക് തൊഴിലാളികള്‍ എത്തിയ ശേഷമാണ് കരാറുകള്‍ തയ്യാറാക്കുന്നത്. ഇതിലാണ് ഭേദഗതി വരിക. തൊഴില്‍ വിസയില്‍ വരുന്നയാളുമായി മുന്‍കൂട്ടി കരാര്‍ തയ്യാറാക്കണം. വിസ അനുവദിക്കുന്ന വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദ്ദേശം. ഫലത്തില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് മാത്രമേ തൊഴില്‍ വിസ ലഭിക്കൂ.
സൗദിയിലെത്തിയ ശേഷം വിദേശികള്‍ സ്ഥാപനവും സ്പോണ്‍സര്‍ഷിപ്പും മാറാറുണ്ട്. അതിന് നിലവിലുള്ള രീതി തന്നെ തുടരും. പുതിയ നീക്കം നടപ്പായാല്‍ വിദേശി തൊഴിലാളികള്‍ക്ക് ഗുണമാകും. ശമ്ബളവും തൊഴിലവകാശവും അടക്കമുള്ള കാര്യങ്ങളില്‍ തര്‍ക്കം ഇല്ലാതാക്കാനും ഇത് സഹായിക്കും.

നിലവിലെ ചട്ടമനുസരിച്ച്‌ തൊഴില്‍ കരാര്‍ മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. തൊഴിലാളിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും കരാര്‍ കാലാവധിയും ഇതിലുണ്ടാകണം. ശമ്ബളം വൈകുക, തൊഴില്‍ അവകാശം ലംഘിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ രേഖയാണ് പരിശോധിക്കുക. ശമ്പളം വൈകിയതിനും മറ്റും ബാങ്ക് രേഖകളും തെളിവാകും.

ഇതോടൊപ്പം, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധം സംബന്ധിച്ച മുഴുവന്‍ നിയന്ത്രണവും മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിനായിരിക്കും. സ്ഥാപനം ചട്ടം ലംഘിച്ചാല്‍ തൊഴിലാളിക്കും, തൊഴിലാളി ചട്ടം ലംഘിച്ചാല്‍ സ്ഥാപനത്തിനും കരാര്‍ റദ്ദാക്കാം. തൊഴിലാളിയെ എക്സിറ്റില്‍ വിടണോ, അതല്ല സ്പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കണോ എന്നതിലും തൊഴില്‍ കരാറാണ് കണക്കിലെടുക്കുക.

Related Articles

Back to top button