IndiaLatest

അധ്യാപകരില്ലാതെ വലഞ്ഞ് സ്‌കൂളുകള്‍

“Manju”

ലോകമെമ്പാടും കോവിഡ് ഉയര്‍ത്തിയ വെല്ലുവിളി ചെറുതല്ല. എല്ലാ മേഖലയും സാമ്പത്തികമായി തകര്‍ന്നതോടെ ഒരുപാട് ദുരന്തങ്ങള്‍ ജനങ്ങള്‍ക്ക് കോവിഡ് കാലത്ത് നേരിടേണ്ടി വന്നു. എന്നാല്‍, ഇപ്പോള്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതിന്റെ ഭാഗമായി എല്ലാ മേഖലയിലും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് കളമൊരുങ്ങുകയാണ്.

കര്‍ണാടകയില്‍ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ എല്ലാ ഗ്രേഡുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്ന് മുക്തി നേടി വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകളില്‍ എത്തിയപ്പോള്‍ ടീച്ചര്‍മാര്‍ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. നിരവധി സ്വകാര്യ സ്കൂളുകളില്‍ അധ്യാപകരില്ലാതെ കുട്ടികള്‍ വിഷമിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോവിഡ് കാരണം ഏകദേശം ഒന്നര വര്‍ഷത്തോളം സ്കൂളുകള്‍ അടച്ചപ്പോള്‍ നിരവധി അധ്യാപകര്‍ക്ക് ജോലി നഷ്ടമായിരുന്നു. കനത്ത സാമ്പത്തിക നഷ്ടം നേരിട്ടപ്പോള്‍ മറ്റ് മേഖലകളിലെന്ന പോലെ സ്വകാര്യ സ്കൂളുകളിലും അധ്യാപകരെ പിരിച്ചുവിട്ടു. പിന്നീട് അവര്‍ ജോലി അന്വേഷിച്ച്‌ മറ്റ് മേഖലകളിലേക്ക് പോയതോടെ ആവശ്യത്തിന് അധ്യാപകരില്ലാത്ത അവസ്ഥയാണിപ്പോള്‍. മികച്ച വേതനം നല്‍കി പുതിയ അധ്യാപകരെ നിയമിക്കാനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കോവിഡ് രൂക്ഷമായ സമയത്ത് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപകര്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ മുതല്‍ ബ്യൂട്ടീഷ്യന്‍മാരും ഓണ്‍ലൈന്‍ ട്യൂട്ടര്‍മാരും വരെയായി പുതിയ ജോലികള്‍ ഏറ്റെടുത്തതായി  പറയുന്നു. ബംഗളുരുവിലെ സ്കൂളുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ സയന്‍സ് വിഷയങ്ങള്‍ക്കും കണക്കിനുമാണ് അധ്യാപകരുടെ കടുത്ത ക്ഷാമം നേരിടുന്നത്.

എന്തുകൊണ്ടാണ് സ്കൂളുകള്‍ അത്തരമൊരു സാഹചര്യം അഭിമുഖീകരിക്കുന്നത് എന്നതിനെക്കുറിച്ച്‌ കര്‍ണ്ണാടകയിലെ പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്കൂളുകളുടെ അസോസിയേഷന്‍ സെക്രട്ടറി ഡി. ശശികുമാര്‍ വിശദീകരിച്ചു. കോവിഡ് രൂക്ഷമായപ്പോള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഫീസ് നല്‍കുന്നത് നിര്‍ത്തിയതോടെ അധ്യാപകര്‍ക്ക് ശമ്ബളം നല്‍കാന്‍ കഴിയാത്ത അവസ്ഥയായി. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അധ്യാപകരെ ഒഴിവാക്കേണ്ടത് അനിവാര്യമായി മാറി. അധ്യാപകരില്‍ ഭൂരിഭാഗം പേരും സ്വന്തം നാട്ടിലേക്ക് മടങ്ങിയെന്നും ഇപ്പോള്‍ അവര്‍ തിരിച്ചുവരാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. “കോവിഡ് ബാധിക്കുന്നതിന് മുമ്പുതന്നെ മികച്ച അധ്യാപകരുടെ കുറവ് ഉണ്ടായിരുന്നു, ഇപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുന്നു,” അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ന്യൂസ്‌പേപ്പറിലും ഓണ്‍ലൈന്‍ ആയും അധ്യാപകരെ ആവശ്യമുണ്ടെന്ന് പരസ്യങ്ങള്‍ കൊടുക്കുന്നുണ്ടെങ്കിലും മികച്ച അധ്യാപരെ ലഭിക്കാതെ ആരെയും ജോലിക്കെടുക്കാന്‍ സ്‌കൂളുകള്‍ക്ക് സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ സ്കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കില്‍ പോലും ഉള്ള അധ്യാപകരെ വച്ച്‌ നടത്തേണ്ട അവസ്ഥയിലാണ് സ്‌കൂളുകള്‍. കോവിഡ് പൂര്‍ണമായും മാറാത്തതും സ്കൂളുകളില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പരിമിതി കണക്കിലാക്കിയും കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്തും മാതാപിതാക്കള്‍ കുട്ടികളെ സ്കൂളുകളിലേക്കയക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്.

Related Articles

Back to top button