KeralaLatest

ചിരട്ടയില്‍ കത്തും റോക്കറ്റ്‌ സ്‌റ്റൗ

“Manju”

കാക്കനാട്‌ ;ഗ്യാസും വൈദ്യുതിയും വേണ്ട, ഉപയോഗിക്കാത്ത ചിരട്ടയോ ചകിരിയോ മതി മിനിറ്റുകള്‍ക്കുള്ളില്‍ ചോറോ ഗ്രില്‍ഡ്‌ ചിക്കനോ ഈ അടുപ്പില്‍ റെഡി. ഇരുമ്പുതകിടും കമ്പിയുംകൊണ്ട്‌ നിര്‍മിച്ച അബ്‌ദുള്‍ കരീമിന്റെ ‘റോക്കറ്റ്‌ സ്‌റ്റൗ’ താരമാകുകയാണ്‌.

ലോക്ക്‌ഡൗണ്‍ കാലത്തെ പ്രതിസന്ധി മറികടക്കാനാണ്‌ കാക്കനാട്‌ അലീഷ മഹലില്‍ അബ്‌ദുള്‍ കരീം പുതിയ പദ്ധതിക്ക്‌ രൂപം നല്‍കിയത്‌. ബ്രിട്ടീഷുകാര്‍ മഞ്ഞുകാലത്ത്‌ മുറി ചൂടാക്കാന്‍ വിറകിട്ട്‌ കത്തിക്കുന്ന ബര്‍ണറുകളുടെ മാതൃകയില്‍ അടുപ്പ്‌ നിര്‍മിക്കുക. ഉപയോഗിക്കാത്ത ചിരട്ട, ചകിരി, വിറകുകഷണങ്ങള്‍, പേപ്പര്‍ എന്നിവകൊണ്ട്‌ അടുപ്പ്‌ കത്തിക്കാം. 17–ാംവയസ്സില്‍ ആരംഭിച്ച വര്‍ക്‌ഷോപ് പരിചയം സ്‌റ്റൗ നിര്‍മാണത്തിന്‌ സഹായമായി. ആറ്‌ ചിരട്ടയിട്ടാല്‍ 20 മിനിറ്റ്‌ തീയുണ്ടാകും.

ചിരട്ടയും ചകിരിയും മറ്റും ഇടാന്‍ ഇരുമ്പുചട്ടക്കൂട്ടില്‍ മധ്യഭാഗത്തായി പ്രത്യേക അറയുണ്ട്‌. മുകളില്‍നിന്ന്‌ തീ പകരാം. ചാരം സൂക്ഷിക്കാനും സംവിധാനമുണ്ട്‌. ഒരേ അടുപ്പില്‍ അരി വയ്‌ക്കാനും ഗ്രില്‍ഡിനും സൗകര്യമുണ്ട്‌. മുകളിലെ തട്ടുകള്‍ മാറ്റിവച്ചാല്‍ മതി. ചോറുവയ്‌ക്കുന്നതിനൊപ്പം ഗ്രില്‍ഡ്‌, ഓവന്‍ വയ്‌ക്കാനും വെള്ളം ചൂടാക്കാനും കഴിയുന്ന വലിയ അടുപ്പുകളുമുണ്ട്‌.

ചെറിയ കുടുംബങ്ങള്‍ക്കും വിനോദയാത്രക്കാര്‍ക്കും കൊണ്ടുപോകാവുന്ന വലിപ്പത്തിലാണ്‌ സ്‌റ്റൗവിന്റെ നിര്‍മാണം. വലിയ ബിരിയാണി ചെമ്പുവരെ ഈ അടുപ്പില്‍ വയ്‌ക്കാം. 40 സെന്റീമീറ്റര്‍ നീളവും 70 സെന്റീമീറ്റര്‍ പൊക്കമുള്ള അഞ്ചുതരം അടുപ്പുകള്‍ക്ക്‌ 5,500 മുതല്‍ 22,000 രൂപവരെയാണ്‌ വില. റോക്കറ്റ്‌ സ്‌റ്റൗവില്‍ ഇന്ധനം വളരെ കുറച്ച്‌ മതിയെന്നും പുക തീരെയുണ്ടാകില്ലെന്നും കരീം പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ്‌ വില്‍പ്പന. യുടൂബില്‍ സ്‌റ്റൗവിന്റെ പ്രവര്‍ത്തനം കാണാം.

Related Articles

Back to top button