IndiaLatest

മിശ്ര വിവാഹം കഴിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങി മഹാരാഷ്‌ട്ര സര്‍ക്കാര്‍

“Manju”

മുംബൈ: മിശ്ര വിവാഹം കഴിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങി മഹാരാഷ്‌ട്ര സര്‍ക്കാര്‍. വ്യത്യസ്ത മത-ജാതി വിഭാഗത്തില്‍ നിന്ന് വിവാഹം കഴിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ജില്ലാതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

ഭര്‍ത്താവുമായി പിരിഞ്ഞുതാമസിക്കുന്ന പെണ്‍കുട്ടികളുടെ വിവരം ശേഖരിക്കാനും തീരുമാനമെടുത്തു. ഡല്‍ഹിയില്‍ ശ്രദ്ധ വാല്‍ക്കറിനുണ്ടായ ദുരനുഭവം മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാവരുത് എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യമെന്ന് സമിതി അധ്യക്ഷനും മന്ത്രിയുമായ മംഗള്‍ പ്രഭാത് ലോധ പറഞ്ഞു.

ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയില്‍ ഒരോ ജില്ലയിലെയും വിവാഹിതരും വീട്ടില്‍ നിന്നു മാറിനില്‍ക്കുന്നവരുമായ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവശ്യമെങ്കില്‍ ഇവര്‍ക്ക് കൗണ്‍സലിംഗ് നല്‍കി മാതാപിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും ലോധ അറിയിച്ചു.

മന്ത്രിസഭാ തീരുമാനം ഭരണകക്ഷിയായ ബാലാസാഹെബ് ശിവസേന സ്വാഗതം ചെയ്തു. സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നു പാര്‍ട്ടി വക്താവ് കൃഷ്ണ ഹെഗ്ഡെ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പിന്തിരിപ്പന്‍ നയങ്ങളാണ് സംസ്ഥാനത്തു നടപ്പാക്കുന്നതെന്നും സ്വകാര്യതയിലുള്ള കൈകടത്തലാണിതെന്നും എന്‍സിപി ആരോപിച്ചു.

Related Articles

Back to top button