IndiaLatest

ഇന്ന് ശിശുദിനം

“Manju”

ഡൽഹി: രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ്. കുട്ടികളെ ജീവനുതുല്യം സ്‌നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് രാജ്യം ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളോടുള്ള അകമഴിഞ്ഞ സ്‌നേഹവും, വാത്സല്യവുമാണ് അദ്ദേഹത്തിന്റെ ജന്മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്‌ട്ര ശിൽപികളെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

കളങ്കവും കാപട്യവുമില്ലാത്ത കുട്ടികളുടെ മനസ്സിനെപ്പോലെ ആകാൻ ആയിരിക്കണം ഓരോ ഇന്ത്യക്കാരനും ശ്രമിക്കേണ്ടതെന്ന് നിരന്തരം പറയുന്ന ആളായിരുന്നു അദ്ദേഹം. അതിലുപരി കുട്ടികളുടെ കഴിവ് വികസിപ്പിക്കാനായി മികച്ച വിദ്യാഭ്യാസം ഒരുക്കുകയും അവരിൽ ഗവേഷണ കഴിവ് വളർത്താനായി ദേശീയ ശാസ്ത്ര വ്യവസായിക ഗവേഷണ കൗൺസിൽ നെഹ്‌റു സ്ഥാപിക്കുകയും ചെയ്തു. കുട്ടികൾക്ക് നെഹ്‌റു പ്രധാനമന്ത്രി മാത്രമായിരുന്നില്ല അവരുടെ പ്രിയപ്പെട്ട ചാച്ചാജി ആയിരുന്നു.

ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം എന്നതായിരുന്നു അദ്ദേഹം കണ്ട സ്വപ്നം. ഇതിനായി അദ്ദേഹത്തിന്റെ ഭരണകാലത്ത് തന്നെ വിദ്യാഭ്യാസ മേഖലയിൽ പല മാറ്റങ്ങൾ കൊണ്ടുവന്നു. ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ച് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കി. ഗ്രാമങ്ങൾ തോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമ്മിക്കുകയും കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന പരിപാടിയും അദ്ദേഹം ആവിഷ്‌കരിച്ചു. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നു.

Related Articles

Back to top button