IndiaLatest

മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം

“Manju”

ഹൈദരാബാദ്: ഡെല്‍ഹിയിലെ അതിര്‍ത്തികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച 750 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച്‌ തെലങ്കാന സര്‍ക്കാർ . ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം നല്‍കണമെന്നും പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തെലങ്കാന സര്‍ക്കാരിന്റെ പ്രഖ്യാപനം. കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് 22.5 കോടി രൂപ ചെലവ് വരുമെന്ന് റാവു പറഞ്ഞു.

കര്‍ഷക നേതാക്കളോട് പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്ടമായ കര്‍ഷകരുടെ വിവരങ്ങള്‍ കൈമാറാനും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കെതിരെയും അവരെ പിന്തുണക്കുന്നവര്‍ക്കെതിരെയും എടുത്ത എല്ലാ കേസുകളും റദ്ദാക്കണം. ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരണമെന്നും റാവു ആവശ്യപ്പെട്ടു.

Related Articles

Back to top button