IndiaLatest

ഉത്സവ സീസണില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍

“Manju”

ഡല്‍ഹി ; ക്രിസ്തുമസ് പുതുവര്‍ഷ സമയത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ക്രിസ്തുമസ്, പുതുവത്സര സമയങ്ങളില്‍ ഉത്സവ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ നിരവധി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു.

സെന്‍ട്രല്‍ റെയില്‍വേയുമായി ഏകോപിപ്പിച്ച്‌ ഈ സര്‍വ്വീസുകള്‍ നടത്താനാണ് ഐആര്‍സിടിസി പദ്ധതിയിടുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ട്രെയിനിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും. രാജ്യത്തെ നിലവിലെ കൊവിഡ് സ്ഥിതി താരതമ്യേന കുറവാണ്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിര്‍ത്തിവെച്ചിരുന്ന പല യാത്രാ സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്. ഇനി ഉത്സവ സീസണ്‍ ആണ് വരാന്‍ പോകുന്നത്. അതുകൊണ്ടു തന്നെ യാത്രാ സര്‍വീസുകളില്‍ ഇളവുകളും കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്.

എല്ലാ യാത്രക്കാര്‍ക്കും പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം കൗണ്ടറുകളിലും ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. പുതിയ ട്രെയിനുകളുടെ സര്‍വ്വീസ് പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. അറിയിപ്പ് അനുസരിച്ച്‌, ഈ പ്രത്യേക ട്രെയിനുകളുടെ ബുക്കിംഗ് നവംബര്‍ 20 മുതല്‍ ആരംഭിച്ചു. ജനുവരി മൂന്ന് വരെ ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

ട്രെയിനുകളുടെ വിശദമായ സമയത്തിന് www.enquiry.indianrail.gov.in എന്ന പേജ് സന്ദര്‍ശിക്കുക, അല്ലെങ്കില്‍ എന്‍ടിഇഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

സ്‌പെഷ്യല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം, സാമൂഹിക അകലം, സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ ഉപയോഗം ഉള്‍പ്പെടെ കോവിഡ് 19മായി ബന്ധപ്പെട്ട സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുടെ എല്ലാ മാനദണ്ഡങ്ങളും ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാര്‍ പാലിക്കണം.

Related Articles

Back to top button