IndiaLatest

കരിപ്പുര്‍ ദുരന്തം: പൈലറ്റ് മുന്നറിയിപ്പ് അവഗണിച്ചു

“Manju”

ന്യൂഡല്‍ഹി : ഇരുപത്തിയൊന്നുപേരുടെ മരണത്തിനിടയാക്കിയ കരിപ്പുര്‍ വിമാനത്താവള ദുരന്തത്തിന്‌ കാരണം പൈലറ്റിന്റെ പിഴവെന്ന്‌ വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌. മുന്നറിയിപ്പ്‌ അവഗണിച്ച്‌ റണ്‍വേയുടെ പാതിയിലിറങ്ങിയ വിമാനം മുന്നോട്ട്‌ കുതിച്ചതാണ്‌ അപകടകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. വശങ്ങളിലേക്കു തെന്നിയ വിമാനത്തിന്റെ ഇന്ധന ടാങ്ക്‌ പൊട്ടി ചോര്‍ച്ചയുണ്ടായെന്നും എന്നാല്‍ തീ പിടുത്തം ഉണ്ടാകാതിരുന്നത്‌ വന്‍ ദുരന്തം ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
മഴയേത്തുടര്‍ന്ന്‌ മോശം കാലാവസ്‌ഥയായതിനാല്‍ വിമാനം ഇറക്കാനുള്ള അനുമതി എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗം നല്‍കിയിരുന്നില്ല. ആകാശത്ത്‌ വട്ടമിട്ട്‌ പറക്കാനുള്ള നിര്‍ദേശമായിരുന്നു നല്‍കിയിരുന്നത്‌. എന്നാല്‍ ഇത്‌ അവഗണിച്ച്‌ പൈലറ്റ്‌ വിമാനം ഇറക്കുകയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. പൈലറ്റും സഹപൈലറ്റും ദുരന്തത്തില്‍ മരിച്ചിരുന്നു. ടേബിള്‍ ടോപ്‌ റണ്‍വേയാണ്‌ കരിപ്പൂരിലേത്‌. വലിയ വിമാനങ്ങള്‍ ഇത്തരം റണ്‍വേകളില്‍ ഇറക്കുകയെന്നത്‌ ശ്രമകരമാണ്‌.
കരിപ്പുരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നാനാവശ്യമായ ക്രമീകരണള്‍ക്കായി വിദഗ്‌ധ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസമാണ്‌ എയര്‍ക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ വിദഗ്‌ധ സമിതി കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക്‌ സമര്‍പ്പിച്ചത്‌. 2020 ഓഗസ്‌റ്റ്‌ ഏഴിനുണ്ടായ ദുരന്തത്തെത്തുടര്‍ന്നാണു വലിയ വിമാനങ്ങള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കരിപ്പുര്‍ അപകടം നടന്നിട്ട്‌ ഒരു വര്‍ഷമായിട്ടും അപകട കാരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവരാത്തതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഓഗസ്‌റ്റ്‌ ഏഴിന്‌ വൈകിട്ട്‌ 7.10ന്‌ ആയിരുന്നു അപകടം. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം റണ്‍വേയും മറികടന്ന്‌ 35 മീറ്റര്‍ താഴ്‌ചയിലേക്കു വീണായിരുന്നു അപകടം.

Related Articles

Back to top button