IndiaLatest

റിലയന്‍സ് കാപ്പിറ്റലിന്റെ നിയന്ത്രണം പിടിച്ചെടുത്ത് റിസര്‍വ് ബാങ്ക്

“Manju”

മുംബയ്: അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍.ബി.എഫ്.സി) റിലയന്‍സ് കാപ്പിറ്റലിന്റെ ഡയറക്‌ടര്‍ ബോര്‍ഡിന്റെ നിയന്ത്രണം പിടിച്ചെടുത്ത് റിസര്‍വ് ബാങ്ക്. വായ്‌പകള്‍ തിരിച്ചടയ്ക്കാനാവാത്ത വിധം റിലയന്‍സ് കാപ്പിറ്റല്‍ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണിത്. ബാങ്ക് ഒഫ് മഹാരാഷ്‌ട്രയുടെ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ വൈ. നാഗേശ്വര്‍ റാവുവിനെ കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചു.

പ്രതിസന്ധികള്‍ മറികടക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ നിലവിലെ ഡയറക്‌ടര്‍ ബോര്‍ഡിന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്കിന്റെ നടപടി. കമ്പനിക്കെതിരെ ഉടന്‍ പാപ്പരത്ത നിയമ (ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്‌റ്റ്‌സി) നടപടിയെടുക്കും. ഇതിനുള്ള പ്രത്യേക അഡ്‌മിനിട്രേറ്ററെ നിയോഗിക്കാനായി ഉടന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍.സി.എല്‍.ടി) മുംബയ് ബെഞ്ചിനെയും സമീപിക്കും.

റിസര്‍വ് ബാങ്ക് നിയന്ത്രണം ഏറ്റെടുക്കുന്ന മൂന്നാമത്തെ എന്‍.ബി.എഫ്.സിയാണ് റിലയന്‍സ് കാപ്പിറ്റല്‍. നേരത്തെ ഡി.എച്ച്‌.എഫ്.എല്‍., ശ്രേയ് ഗ്രൂപ്പ് എന്നിവയും സമാനനടപടി നേരിട്ടിരുന്നു. റിലയന്‍സ് കാപ്പിറ്റലിന് 27,753.1 കോടി രൂപയുടെ കടബാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

വായ്‌പാത്തിരിച്ചടവില്‍ വീഴ്‌ചവരുത്തിയതിനും പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്‌ടര്‍ ബോര്‍ഡ് പദ്ധതികളൊന്നും ആസൂത്രണം ചെയ്യാത്തതിനുമാണ്, നിയന്ത്രണം റിസര്‍വ് ബാങ്ക് പിടിച്ചെടുത്തത്. കമ്പനിയുടെ അറ്റആസ്‌തി നെഗറ്റീവ് 8,195 കോടി രൂപയാണ്. കമ്പനിയുടെ പ്രമോട്ടറും ഒരുകാലത്ത് ലോകത്തെ ഏറ്റവും സമ്പന്നരില്‍ ഒരാളുമായിരുന്ന അനില്‍ അംബാനിയെ പിന്നീട് ബ്രിട്ടീഷ് കോടതി ‘പാപ്പര്‍” ആയി പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button