KeralaLatest

സ്വകാര്യ വാഹനങ്ങളുടെ സുരക്ഷ ഇനി കുടുംബശ്രീക്ക്

“Manju”

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് കാമ്പസിനകത്തെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് കുടുംബശ്രീ ജില്ലാ മിഷന്‍ ഏറ്റെടുത്തു. കോളജും കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററും തമ്മിലുള്ള വാര്‍ഷിക കരാര്‍ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

കടന്നപ്പള്ളി, ചെറുതാഴം, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിതകളെ മാത്രം ഉള്‍പ്പെടുത്തിയ കുടുംബശ്രീ സംരംഭ ഗ്രൂപ്പിനാണ് നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്. ഇന്നലെ മുതല്‍ പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കി തുടങ്ങി.

ഓരോ നാല് മണിക്കൂര്‍ സമയത്തേക്ക് ഇരു ചക്ര വാഹനങ്ങള്‍ക്ക് 5 രൂപ, മൂച്ചക്ര വാഹനങ്ങള്‍ക്ക് 10 രൂപ, നാല് ചക്ര വാഹനങ്ങള്‍ക്ക് 20 രൂപ എന്ന കണക്കിനാണ് പാര്‍ക്കിംഗ് ഫീസ്. ആദ്യഘട്ടത്തില്‍ എട്ട് പേരെയാണ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദരിദ്ര കുടുംബങ്ങളിലെ നിരവധി വനിതകള്‍ക്ക് പുതിയൊരു ജീവനോപാധി പ്രദാനം ചെയ്യുവാന്‍ ഇത്തരമൊരു ഇടപെടല്‍ വഴിയൊരുക്കും.

ഇതനുസരിച്ച്‌ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍, ഔദ്യോഗിക മാദ്ധ്യമങ്ങളുടെ വാഹനങ്ങള്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും വിദ്യാര്‍ത്ഥികളുടേയും വാഹനങ്ങള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് ഫീസ് ബാധകമായിരിക്കും. ജില്ലയില്‍ ആദ്യമായാണ് പാര്‍ക്കിംഗ് രംഗത്തേക്ക് കുടുംബശ്രീ വനിതകള്‍ രംഗത്ത് വരുന്നത്. ആദ്യ ഒരാഴ്ച കാലത്തെ പ്രവര്‍ത്തനം വിലയിരുത്തി ടീം അംഗങ്ങളുടെ എണ്ണം വിപുലപ്പെടുത്താനാണ് ജില്ലാ മിഷന്‍ ഉദ്ദേശിക്കുന്നത്.
റഷ്യ

Related Articles

Back to top button