IndiaLatest

വ്യവസായിക ഉത്പ്പാദനത്തില്‍ നമ്പര്‍ വണ്‍ ഗുജറാത്ത്

“Manju”

അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത്. 2012-2020 സാമ്പത്തിക വര്‍ഷത്തിനിടയില്‍ വ്യവസായിക ഉത്പ്പാദന മേഖലയിലെ മൊത്ത നിര്‍മ്മാണ മൂല്യത്തില്‍ 15.9 ശതമാനം വര്‍ദ്ധനയോടെ 5.11 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഈ കാലയളവിനുള്ളില്‍ മഹാരാഷ്ട്രയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തില്‍ മഹാരാഷ്ട്രയിലെ ജിവിഎ 4.34 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ സേവന കേന്ദ്രങ്ങളിലൊന്നാണ് മഹാരാഷ്ട്ര.
തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉയര്‍ന്ന ജിവിഎ സ്വന്തമാക്കിയ മറ്റ് സംസ്ഥാനങ്ങള്‍.

തമിഴ്‌നാടിന് 3.43 ലക്ഷം കോടി രൂപയും കര്‍ണാടകയ്ക്ക് 2.1 ലക്ഷം കോടി രൂപയും ഉത്തര്‍പ്രദേശിന് 1.87 ലക്ഷം കോടി രൂപയുമാണ് നേട്ടം. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിവിഎ 16.9 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2012 സാമ്പത്തിക വര്‍ഷം മുതല്‍ 9.7 ശതമാനം വളര്‍ച്ചാ നിരക്കാണ് ഉണ്ടായത്. ഗുജറാത്തിലേക്ക് പുറത്ത് നിന്നുള്ള നിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചതാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ചത്. സംസ്ഥാനത്തെ വ്യാവസായിക സൗഹൃദ സംസ്ഥാനമാക്കി മാറ്റിയത് വഴി വന്‍ തോതിലുള്ള നിക്ഷേപമാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. സംസ്ഥാന സര്‍ക്കാരും ഇതിന് വലിയ പ്രോത്സാഹനം നല്‍കി.

കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ മുപ്പതോളം പുതിയ വ്യവസായ പാര്‍ക്കുകളാണ് ഗുജറാത്തില്‍ പുതിയതായി ആരംഭിച്ചത്. നരേന്ദ്രമോദി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് ശേഷം ഇവിടെ വലിയ തോതിലുള്ള വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി ആദ്യം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. വ്യവസായ വളര്‍ച്ചയ്ക്ക് വേണ്ടി പ്രത്യേക വ്യവസായ മേഖലകളും, സാമ്പത്തിക മേഖലകളും സൃഷ്ടിച്ച്‌ നിക്ഷേപങ്ങളും ആകര്‍ഷിക്കാനും ശ്രമങ്ങള്‍ ആരംഭിച്ചതും സംസ്ഥാനത്തിന് നേട്ടമായി. അതേസമയം വ്യവസായിക ഉത്പ്പാദനത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടംനേടിയില്ല.

Related Articles

Back to top button