IndiaLatest

മലയോര ഹൈവേ നിര്‍മാണം പുനരാരംഭിച്ചു

“Manju”

വെള്ളറട : മഴ കാരണം ടാറിങ്ങിന്​ തടസ്സം നേരിട്ടിരുന്ന മലയോര ഹൈവേ  റോഡ് നിര്‍മ്മാണം   മഴ ശമിച്ചതോടെ  അതിവേഗം പുരോഗമിക്കുന്നു.
പാറശ്ശാല നിയോജക മണ്ഡലത്തില്‍ നിര്‍ദിഷ്​ട മലയോര ഹൈവേ കള്ളിക്കാട് ഒറ്റശേഖരമംഗലം അമ്പൂരി വെള്ളറട കുന്നത്തുകാല്‍ പാറശ്ശാല ഗ്രാമപഞ്ചായത്തുകളെ ബന്ധിച്ചാണ് 27.45 കിലോമീറ്റര്‍ ദൂരം കടന്നുപോകുന്നത്. മണ്ഡലത്തില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതിയുടെ നിര്‍വഹണം നടക്കുന്നത്. പാറശ്ശാല മുതല്‍ കുടപ്പനമൂടുവരെ 15.70 കി.മീ ദൂരവും, വാഴിച്ചല്‍ മുതല്‍ കള്ളിക്കാട് വരെ 7.85 കി.മീ ദൂരവും, കള്ളിക്കാട് മുതല്‍ പരുത്തിപ്പള്ളി വരെ 3.90 കി.മീ ദൂരമാണ് മലയോര ഹൈവേ കടന്നു പോകുന്നത്. 103 കോടി രൂപയാണ് ആകെ അടങ്കല്‍ തുക.
നിലവിലെ റോഡി​ന്റെ വീതി 12 മീറ്ററായി വര്‍ധിപ്പിച്ച്‌ 9 മീറ്റര്‍ വീതിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഉപരിതലം ബലപ്പെടുത്തുന്നതും പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ഓടയുടെ നവീകരണവും ഫുട്പാത്ത്, കലുങ്കുകള്‍ സംരക്ഷണ ഭിത്തികള്‍, ഫൂട്ട് ബ്രിഡ്ജുകള്‍, യൂട്ടിലിറ്റി ഡക്റ്റുകള്‍, റോഡ് സേഫ്റ്റി വര്‍ക്കുകള്‍ തുടങ്ങി അനുബന്ധ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെങ്കിലും രണ്ടരമാസത്തോളം തുടര്‍ന്ന മഴ കാരണം ടാറിങ്​ പ്രവര്‍ത്തിക്ക് തടസ്സം നേരിട്ടു. ഇപ്പോള്‍ പാറശ്ശാല മുതല്‍ കുടപ്പനമൂട് വരെയുള്ള ഭാഗത്തെ ആദ്യ ലെയര്‍ ഡി.ബി.എം ടാറിങ്​ പുരോഗമിക്കുകയാണ്. വാഴിച്ചല്‍ മുതല്‍ കള്ളിക്കാട് വരെയുള്ള റീച്ചില്‍ 95 ശതമാനവും ഭാഗത്തെയും ആദ്യ ലെയര്‍ ടാറിങ്​ പൂര്‍ത്തിയായിക്കഴിഞ്ഞു. കള്ളിക്കാട് മുകുന്ദറ പാലത്തി​ന്റെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ ഉടന്‍ പൂര്‍ത്തിയാക്കും.

Related Articles

Back to top button