Latest

മരത്തിൽ മഴവില്ല് വിരിയിച്ച് പ്രകൃതിയുടെ കരവിരുത്

“Manju”

ആകാശത്ത് വിരിയുന്ന മഴവില്ലുകൾ എന്നും നമുക്ക് കൗതകമാണ്. അതേ മഴവില്ലാണ് യൂക്കാലിപ്റ്റസ് മരങ്ങളിലും ഉള്ളത്. ഹവായ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ കാടുകളിലാണ് അപൂർവമായ ഈ കാഴ്ച കാണാൻ സാധിക്കുന്നത്. യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റ എന്നാണ് ഈ മരങ്ങളുടെ പേര്. മഴവില്ല് കണക്കെ പുറംതൊലി ഉള്ളതിനാൽ റെയിൻബോ യൂക്കാലിപ്റ്റസ് എന്നും ഈ വൃക്ഷം അറിയപ്പെടുന്നു.

ഇതെന്താ വല്ല പെയ്ന്റ് കുപ്പി മറിഞ്ഞതാണോ? അതോ എതെങ്കിലും ചിത്രകാരന്റെ കലാവിരുതോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരിക്കും റെയിൻബോ യൂക്കാലിപ്റ്റസ് എന്ന വൃക്ഷം കാണുന്ന ഏതൊരു വ്യക്തിക്കും ആദ്യം തോന്നുക. ഇതിന് കാരണവുമുണ്ട്. മരത്തിന്റെ പുറംതൊലി ഒരു മഴവില്ല് കണക്കെ വർണാഭമായതാണ്.

മിൻഡാനാവോ ഗം അല്ലെങ്കിൽ റെയിൻബോ ഗം എന്നും അറിയപ്പെടുന്ന റെയിൻബോ യൂക്കാലിപ്റ്റസ്, ഉയരമുള്ള ഒരു വൃക്ഷമാണ്. ഇത് മഴക്കാടുകളിൽ മാത്രം കാണുന്ന ഒന്നാണ്. ഓസ്ട്രേലിയക്ക് പുറത്ത് സ്വാഭാവികമായി വളരുന്ന ചുരുക്കം ചില യൂക്കാലിപ്റ്റസ് മരങ്ങളിൽ ഒന്നാണ് റെയിൻബോ യൂക്കാലിപ്റ്റസ്. ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗ്വിനിയ എന്നിവിടങ്ങളിൽ ഇത് 250 അടി വരെ ഉയർന്നു വളരും. ഉയരം കൊണ്ടും ശ്രദ്ധേയമാണെങ്കിലും പുറംതൊലിയുടെ നിറമാണ് ഏറ്റവും വലിയ പ്രത്യേകത. ലോകമെമ്പാടുമുള്ള ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഈ മരങ്ങൾ കാണാം. പലപ്പോഴും ഹവായ്, ടെക്‌സസ്, ലൂസിയാന, സതേൺ കാലിഫോർണിയ എന്നിവിടങ്ങളിൽ ഒരു അലങ്കാര വൃക്ഷമായി വളർത്താറുണ്ട്. മഞ്ഞില്ലാത്ത കാലാവസ്ഥയിലാണ് റെയിൻബോ യൂക്കാലിപ്റ്റസ് വളരുന്നത്.

വൃക്ഷത്തിന്റെ പുറംതൊലി പൊഴിഞ്ഞ് പോകുമ്പോഴാണ് വർണാഭമായ ഈ കാഴ്ച കാണാൻ സാധിക്കുന്നത്. ആദ്യം പച്ച നിറത്തിലുള്ള പുറംതൊലിയാണ് വൃക്ഷത്തിൽ കാണാൻ കഴിയുന്നത്. കാലക്രമേണ, ഇത് നീല, പർപ്പിൾ, ഓറഞ്ച്, മെറൂൺ എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളായി മാറുന്നു. വൃക്ഷം ഒറ്റയടിക്ക് തൊലി പൊഴിച്ച് കളയാത്തതുകൊണ്ടാണ് വർണ്ണാഭമായ നിറങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജോർജ്ജ് എബർഹാർഡ് റമ്പ് ആണ് ആദ്യമായി ഈ വൃക്ഷത്തെ തിരിച്ചറിയുന്നത്. ജർമ്മൻ വംശജനായ സസ്യശാസ്ത്രജ്ഞനായിരുന്നു ജോർജ്ജ്. ഇന്തോനേഷ്യയിലെ അംബോൺ ദ്വീപിലെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ആ വൃക്ഷത്തെ ‘അർബർ വെർസികോളർ’ എന്ന് വിളിച്ചു.

പ്രകൃതി സുന്ദരം മാത്രമല്ല, കൗതുകകരമായ കാഴ്ചകൾ കൊണ്ട് വൈവിധ്യമാർന്നതുമാണ്. ഇത്തരത്തിലുള്ള അനേകം ദൃശ്യവിസ്മയങ്ങളാണ് പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നത്. എത്ര കണ്ടാലും മതിവരാത്ത അനേകം അത്ഭുതങ്ങളാണ് പ്രകൃതിയിലുള്ളത്.

Related Articles

Back to top button