KeralaLatest

വിരമിച്ചവരെ വീണ്ടും നിയമിക്കാനുള്ള എസ്ബിഐ തീരുമാനം യുവാക്കളോടുള്ള വെല്ലുവിളി;ഡി.വൈ.എഫ്.ഐ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിരമിച്ചവരെ പിൻവാതിൽ വഴി കൂട്ടത്തോടെ നിയമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോവിഡ്‌ പശ്ചാത്തലത്തിൽ രാജ്യമെങ്ങും തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും തുടരുമ്പോഴാണ്‌ എസ്‌ബിഐയുടെ ഈ പിൻവാതിൽ നിയമനം. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് എസ്‌ബിഐ ഉത്തരവും ഇറക്കി. രാജ്യത്ത്‌ ആകെയുള്ള 17 സർക്കിളിലും ഇതുപോലെ 100 മുതൽ 250 പേരെ വീതം നിയമിക്കാനുള്ള നടപടി യുവാക്കളോടുള്ള വെല്ലുവിളിയാണ്.

30000 മുതൽ 50000 വരെയാണ്‌ ഇവർക്ക് പ്രതിമാസ വേതനം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. സിഎംഎഫ്‌–എസിയിൽ ഒറ്റയടിക്ക്‌ 80 പേരെയാണ്‌ നിയമിക്കുന്നത്‌. ഒരു വർഷത്തേക്കാണ്‌ നിയമനമെങ്കിലും കാലാവധി ദീർഘിപ്പിക്കാമെന്നും 65 വയസ്സാകുന്നതുവരെ ജോലിയിൽ തുടരാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യം മഹാമാരിയെ നേരിടുമ്പോൾ തൊഴിൽ നഷ്ടപ്പെട്ട സ്വദേശികൾക്കും പ്രവാസികളായവർക്കും തൊഴിൽ തേടി നടക്കുന്നവർക്കും പ്രതീക്ഷയാകേണ്ടത് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ സപ്പോർട്ട്‌ ഓഫീസേഴ്‌സ്‌, ചാനൽ മാനേജർ സൂപ്പർവൈസർ (സിഎംഎസ്‌–എസി), ചാനൽ മാനേജർ ഫെസിലിറ്റേറ്റേഴ്‌സ്‌ (സിഎംഎഫ്‌– എസി) എന്നീ തസ്‌തികകളിലേയ്ക്ക് വിരമിച്ചവരെ തിരികെ കയറ്റാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

 

Related Articles

Back to top button