Latest

ഏഴ് മാസം കൊണ്ട് ഇന്ത്യയിൽ നിക്ഷേപിച്ചത് 48 ബില്യൺ ഡോളർ; രാംനാഥ് കോവിന്ദ്

“Manju”

ന്യൂഡൽഹി : നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസത്തിൽ ഇന്ത്യയിൽ 48 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടന്നതെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ആഗോള നിക്ഷേപക സമൂഹത്തിന് ഇന്ത്യയിലുള്ള വിശ്വാസത്തിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിലാണ് നിക്ഷേപത്തിൽ വന്ന വളർച്ചയെക്കുറിച്ച് രാഷ്‌ട്രപതി എടുത്തുപരാമർശിച്ചത്.

കയറ്റുമതിയിലും ഇന്ത്യ എക്കാലത്തെയും റെക്കോർഡാണ് തകർത്തിരിക്കുന്നത്. 2021 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം 300 ബില്യൺ ഡോളറായിരുന്നു രാജ്യത്തിന്റെ ചരക്ക് കയറ്റുമതി. 2020 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇത് ഒന്നര മടങ്ങ് അധികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ യുവ തലമുറുടെ നേതൃത്വത്തിൽ അതിവേഗം രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ സാധ്യതകളുടെ ഉദാഹരണം കൂടിയാണ് സ്റ്റാർട്ട് അപ്പുകളെന്ന് രാഷ്‌ട്രപതി കോവിന്ദ് പറഞ്ഞു. 2016 മുതൽ രാജ്യത്ത് 60,000 സ്റ്റാർട്ട് അപ്പുകളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ 60 ലക്ഷത്തോളം പേർക്ക് ജോലി ലഭിച്ചു. 2021 ൽ കൊറോണ പ്രതിസന്ധിക്കിടയിലും രാജ്യത്ത് 40 യൂണികോൺ സ്റ്റാർട്ട് അപ്പുകൾ രൂപീകരിക്കപ്പെട്ടു. ഓരോന്നിനും മാർക്കറ്റ് വാല്യു കുറഞ്ഞത് 7,400 കോടി രൂപയായിരുന്നു.

അടിക്കടി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയിൽ പ്രയോജനം നേടുന്നതിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ പുറത്തിറക്കിയിരുന്നു. പേറ്റന്റുകളുമായും വ്യാപാരമുദ്രകളുമായും ബന്ധപ്പെട്ട നടപടിക്രമങ്ങൾ സർക്കാർ ലളിതമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഈ സാമ്പത്തിക വർഷത്തിൽ ഏകദേശം 6,000 പേറ്റന്റുകൾക്കും 20,000 ലേറെ ട്രേഡ്മാർക്കുകൾക്കും അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button