LatestThiruvananthapuram

ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷനുമായി കൈകോര്‍ത്ത് ടെക്‌നോപാര്‍ക്ക്

“Manju”

തിരുവനന്തപുരം: കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉല്‍പ്പാദനക്ഷമതയോടെ കൃഷിചെയ്യാന്‍ പ്രോത്സാഹനവുമായി ടെക്‌നോപാര്‍ക്കും. ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷനുമായി കൈകോര്‍ത്തുകൊണ്ടാണ് ടെക്‌നോപാര്‍ക്കിന്റെ ഈ പുതിയ ഉദ്യമം. സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെ ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസേര്‍ച്ച്‌ നിര്‍മിച്ച അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ടെക്‌നോപാര്‍ക്കില്‍ സ്ഥാപിച്ചത്.

ടെക്‌നോപാര്‍ക്ക് നിള ബില്‍ഡിങ്ങിന് മുന്നില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ വിവിധ പച്ചക്കറികള്‍ തൈകള്‍ നട്ട് ടെക്‌നോപാര്‍ക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ ഉദ്ഘാടനം ചെയ്തു. ടെക്‌നോപാര്‍ക്ക് ഐ.ആര്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അഭിലാഷ് ഡി.എസ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗീതാകുമാരി വി.എസ്, കൃഷിവകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് ഷുഹൈബ് എന്നിവര്‍ വിവിധ പച്ചക്കറി തൈകള്‍ അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ നട്ടു.

കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവെടുപ്പ് നടത്താവുന്ന അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ മാതൃകാപരമായ കൃഷിരീതിയാണെന്ന് ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്ത ടെക്‌നോപാര്‍ക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ പറഞ്ഞു. കൃഷി മനുഷ്യന് ഒഴിച്ചുകൂടാനാവാത്തതാണ്. പുതിയ ജീവിത സാഹചര്യങ്ങളില്‍ കൃഷിയെ കൂട്ടുപിടിച്ച്‌ മുന്നേറാനാണ് നാം ശ്രമിക്കേണ്ടത്. ടെക്‌നോളജിയെ എങ്ങനെ പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ ഉപയോഗപ്പെടുത്താം എന്നതിന് ഉദാഹരണമായ അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ടെക്‌നോപാര്‍ക്കില്‍ സ്ഥാപിക്കാനായതിലും കൃഷിയെ പ്രോത്സാഹിപ്പിക്കാനാവുന്നതിലും അഭിമാനമുണ്ടെന്നും വസന്ത് കൂട്ടിച്ചേര്‍ത്തു.

വിഷരഹിത പച്ചക്കറിയെയും കുറഞ്ഞ സ്ഥലത്തെ കൃഷിയെയും പ്രോത്സാഹിപ്പിക്കാനായി ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്‍ പുറത്തിറക്കിയ അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഈ മാസം 14 മുതല്‍ ഓണ്‍ലൈനില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗീതാകുമാരി വി.എസ് പറഞ്ഞു. നിലവില്‍ സെക്രട്ടേറിയറ്റിലും നിയമസഭയിലും അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസിലും കുടപ്പനക്കുന്ന കൃഷിവകുപ്പ് കര്‍മസേന ഓഫിസിലും സ്ഥാപിച്ച അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ വിജയമായതോടെയാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് സ്ഥാപിക്കാന്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്‍ തീരുമാനിച്ചത്.

കൊച്ചി മെട്രോ, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ അടുത്ത ആഴ്ച്ച അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിച്ച്‌ ഉദ്ഘാടനം നടത്തും. ആകെ 340 യൂണിറ്റുകളാണ് ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്നത്. ഇതില്‍ 10 എണ്ണം പൊതു സ്ഥലങ്ങളിലും 330 എണ്ണം വിവിധ സ്ഥാപനങ്ങളില്‍ സ്ഥാപിക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ വ്യാപകമായി അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിക്കാനാണ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ഉദ്ദേശിക്കുന്നതെന്നും ഗീതാകുമാരി വി.എസ് കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button