IndiaLatest

ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സനെ മുട്ടുകുത്തിച്ച്‌ ഇന്ത്യന്‍ കൗമാരക്കാരന്‍

“Manju”

ന്യൂഡല്‍ഹി: ചെസ്സിലെ മുടിചൂടാമന്നനും ലോക ചാമ്പ്യനുമായ മാഗ്നസ് കാള്‍സനെ അടിയറവ് പറയിച്ച്‌ ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍. ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദയാണ് നോര്‍വെയുടെ കാള്‍സനെ തറപറ്റിച്ച്‌ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയത്. എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപിഡ് ചെസ്സ് പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ ഉജ്ജ്വല വിജയം.
ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ കൂടിയാണ് ഈ കൗമാരക്കാരന്‍. എട്ടാം റൗണ്ട് പോരാട്ടത്തിലാണ് ലോക ചാമ്പ്യനെ പ്രഗ്നാനന്ദ മുട്ടുകുത്തിച്ചത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചെത്തിയ കാള്‍സന് ഇന്ത്യന്‍ താരത്തിന് മുന്നില്‍ അടിയറവ് വെയ്‌ക്കേണ്ടി വന്നു.

ടൂര്‍ണമെന്റില്‍ പ്രഗ്നാനന്ദയുടെ ആദ്യ വിജയമാണിത്. 39 നീക്കങ്ങള്‍ക്കാണ് പ്രഗ്നാനന്ദ ലോക ചാമ്ബ്യനെ വീഴ്‌ത്തിയത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പൊരുതി തോറ്റ ശേഷമാണ് കൗമാരക്കാരന്‍ കാള്‍സിന് മുന്നിലെത്തിയത്. എന്നാല്‍, നാലാം പോരാട്ടത്തില്‍ പ്രഗ്നാനന്ദ ലോക ചാമ്പ്യനെ തന്നെ മുട്ടുകുത്തിച്ചു.ചെസ്സിലെ അതികായനായ പ്രതിഭയാണ് പ്രഗ്നാനന്ദ. അഭിമന്യു മിശ്ര, സെര്‍ജി കര്‍ജാകിന്‍, ഗുകേഷ് ഡി, ജാവോഖിര്‍ സിന്ദറോവ് എന്നിവര്‍ക്ക് ശേഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.

2013ല്‍ ലോക യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍-8 കിരീടം നേടി, ഏഴാമത്തെ വയസ്സില്‍ ഫിഡെ മാസ്റ്റര്‍ പദവി സ്വന്തമാക്കി. 2015ല്‍ അണ്ടര്‍-10 കിരീടവും നേടി. 2016ല്‍, 10 വയസ്സുള്ളപ്പോള്‍, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര ചെസ്സ് മാസ്റ്ററായി. 2022ലെ ടാറ്റ സ്റ്റീല്‍ ചെസ്സ് ടൂര്‍ണമെന്റിന്റെ മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ പ്രഗ്നാനന്ദ കളിച്ചു. ആന്‍ഡ്രി എസിപെങ്കോ, വിദിത് ഗുജറാത്തി, നില്‍സ് ഗ്രാന്‍ഡെലിയസ് എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ വിജയിച്ച്‌ 5.5 പോയന്റുമായി 12-ാം സ്ഥാനം കരസ്ഥമാക്കി.

Related Articles

Check Also
Close
  • …….
Back to top button