KeralaLatest

യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ചികിത്സ ഉറപ്പാക്കും

“Manju”

യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച്‌ ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു വരുന്നു. ഇവിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കും. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യുക്രൈനില്‍ നിന്നുള്ള ആദ്യ സംഘം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി മുംബൈയിലും ദില്ലിയിലുമെത്തിയ 27 മലയാളി വിദ്യാര്‍ത്ഥികളാണ് ഉച്ചയോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി.

നാട്ടിലെത്തിയതില്‍ വലിയ ആശ്വാസമുണ്ടെങ്കിലും ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ സുഹൃത്തുക്കളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മടങ്ങിയെത്തിയവര്‍ പ്രതികരിച്ചു. യുദ്ധഭൂമിയില്‍ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയുമോ എന്ന ആശങ്കക്കിടെയായിരുന്നു യുക്രൈനിലെ മലയാളി വിദ്യാര്‍ത്ഥികള്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്.

യുക്രൈനില്‍ തുടരുന്നവരെ തിരിച്ചെത്തിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി രാജീവ് പറഞ്ഞു. യുദ്ധമുഖത്തു നിന്നും രക്ഷപ്പെട്ടെത്തിയ വിദ്യാര്‍ത്ഥികളും അവരെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ രക്ഷിതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ വികാരനിര്‍ഭരമായിരുന്നു. നാട്ടിലേയ്ക്കുള്ള യാത്രക്കിടെ മുംബൈയില്‍ താമസമുള്‍പ്പടെ മുഴുവന്‍ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരുന്നുവെന്ന് തിരിച്ചെത്തിയവര്‍ പ്രതികരിച്ചു. മുംബൈയില്‍ നിന്നും ദില്ലിയില്‍ നിന്നും മൂന്നു വിമാനങ്ങളിലായി 27 മലയാളികളാണ് ഞായറാഴ്ച കൊച്ചിയിലെത്തിയത്.

 

Related Articles

Back to top button