IndiaLatest

ഗോവ- മുംബൈ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങ് മാറ്റി

“Manju”

ഗോവമുംബൈ റൂട്ടിലോടുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഇന്ന് നടക്കാനിരുന്ന ഫ്ലാഗ് ഓഫ് ചടങ്ങുകള്‍ റദ്ദ് ചെയ്തു. ഇന്ന് രാവിലെ വീഡിയോ കോണ്‍ഫറൻസിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഒഡീഷയില്‍ നടന്ന ട്രെയിൻ അപകടത്തെ തുടര്‍ന്നാണ് ഫ്ലാഗ് ഓഫ് ചടങ്ങുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ഫ്ലാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറൻസിലൂടെ നിര്‍വഹിക്കാനാണ് തീരുമാനിച്ചതെങ്കിലും, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ട് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഇപ്പോള്‍ ഒഡീഷയിലെ ട്രെയിൻ അപകട സ്ഥലത്തേക്ക് പോകുന്നതിനാലാണ് ഫ്ലാഗ് ഓഫുമായി ബന്ധപ്പെട്ട പരിപാടികള്‍ റദ്ദ് ചെയ്തത്.

ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ബഹാനഗറില്‍ ഷാലിമാര്‍ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇന്നലെ രാത്രിയാണ് അപകടം. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് ജീവൻ നഷ്ടപ്പെടുകയും, പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ട്രെയിൻ അപകടത്തില്‍ പരിക്കേറ്റ മുഴുവൻ ആളുകള്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും അശ്വിനി വൈഷ്ണവ് ധനസഹായം പ്രഖ്യാപിച്ചു.

Related Articles

Back to top button