InternationalLatest

ഓപ്പറേഷന്‍ ഗംഗ ; ഏഴാമത്തെ വിമാനവും മുംബൈയിലെത്തി

“Manju”

ന്യൂഡല്‍ഹി: യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് കേന്ദ്രമന്ത്രിമാരെ അയയ്ക്കുന്നത് ഇന്ത്യന്‍ പൗരന്‍മാരോടുളള പ്രതിബദ്ധതയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഓപ്പറേഷന്‍ ഗംഗ വിജയകരമായി മുന്നേറുകയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് വി. മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഏഴാമത്തെ വിമാനവും മുംബൈയില്‍ എത്തി.

രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കാന്‍ നാല് കേന്ദ്ര മന്ത്രിമാരെ നേരിട്ട് അയയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഓരോ ഇന്ത്യന്‍ പൗരനോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ഏതു പ്രതികൂല സാഹചര്യത്തിലും വിജയകരമായ രക്ഷാപ്രവര്‍ത്തനം നടത്തി അനുഭവസമ്പത്തുള്ള നയതന്ത്ര ശൃംഖലയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതെന്ന് വി. മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കീവിലെ ഇന്ത്യന്‍ എംബസിയും ഓരോ നിമിഷവും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകള്‍ എംബസി വെബ്സൈറ്റും സോഷ്യല്‍ മീഡിയ (ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം) പോസ്റ്റുകള്‍ വഴി യുക്രെയ്‌നില്‍ അകപ്പെട്ട ഇന്ത്യക്കാരോട് പങ്കുവയ്‌ക്കുന്നുണ്ട്. അത് കൃത്യമായി പിന്‍തുടരുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ഓപ്പറേഷന്‍ ഗംഗയുടെ പുരോഗതി വിലയിരുത്താന്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് യുക്രെയ്‌ന്റെ അതിര്‍ത്തി രാജ്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നാല് കേന്ദ്രമന്ത്രിമാരെ ഓരോ രാജ്യങ്ങളിലും അയയ്‌ക്കാന്‍ തീരുമാനിച്ചത്.

റൊമാനിയ, മോള്‍ഡോവ എന്നിവിടങ്ങളില്‍ കൂടിയുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ജോതിരാദിത്യ സിന്ധ്യ ഏകോപിപ്പിക്കും. കിരണ്‍ റിജിജു സ്ലോവാക്യയിലും, ഹര്‍ദീപ് സിങ് പുരി ഹംഗറിയിലും വി.കെ.സിംഗ് പോളണ്ടിലുമാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. അതിര്‍ത്തി രാജ്യങ്ങളിലേക്ക് എത്താന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹം ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പോളണ്ട് അതിര്‍ത്തിയില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം സൈന്യം തടയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നേരിട്ട് കേന്ദ്രമന്ത്രിമാരെ അയച്ച്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.
ബുക്കാറെസ്റ്റില്‍ നിന്നും 182 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് മുംബൈയില്‍ ലാന്‍ഡ് ചെയ്തത്. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി എത്തിയ ഏഴാമത്തെ വിമാനമായിരുന്നു ഇത്. ഇന്നലെ രാത്രി ആറാമത്തെ വിമാനം 240 പേരുമായി ഡല്‍ഹിയില്‍ എത്തിയിരുന്നു.

Related Articles

Back to top button