KeralaLatest

കാലഹരണപ്പെട്ട ചട്ടങ്ങളിലും പരീക്ഷാ സമ്പ്രദായങ്ങളിലും മാറ്റം വരുത്തും

“Manju”

തൃശൂര്‍ : ഉന്നത വിദ്യാഭ്യാസ രംഗത്തെ കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും പരീക്ഷ സമ്പ്രദായങ്ങളും സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. ഇതിനായി മൂന്ന് കമ്മീഷനുകളെ നിയമിച്ചതില്‍ പരീക്ഷ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയതായും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെട്ട അടിസ്ഥാന സൗകര്യ വികസനപദ്ധതികളുടെ ഉദ്ഘാടനം നിവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂര്‍ ജില്ലയിലെ പുല്ലൂറ്റ് കെകെടിഎം ഗവണ്‍മെന്റ് കോളേജ്, തൃശൂര്‍ സെന്റ് മേരീസ് കോളേജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, മാള കാര്‍മല്‍ കോളേജ് ഉള്‍പ്പെടെ സംസ്ഥാനത്തെ 29 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൂര്‍ത്തീകരിച്ച പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍ (റൂസ) ഫണ്ടും സംസ്ഥാന സര്‍ക്കാര്‍ ഫണ്ടും ഉള്‍പ്പെടെ 374 കോടിയുടെ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.‌

ഉന്നത വിദ്യാഭ്യാസ രംഗത്ത് നവ തലമുറ പഠനപദ്ധതികളും ഗവേഷണ സംവിധാനങ്ങളും ഒരുക്കുകയാണ് സര്‍ക്കാര്‍ നയം. കേരളത്തിലെ കലാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വിപുലീകരണവും അക്കാദമിക ഗുണവര്‍ദ്ധനവും വലിയ തോതില്‍ നേടിയെടുക്കാന്‍ ഇതിനകം സാധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ പരിഗണന നല്‍കി സമൂലവും സമഗ്രവുമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റൂസ പദ്ധതിയുടെ ഭാഗമായി ആധുനിക ഗവേഷണ സൗകര്യങ്ങളോടു കൂടിയ പ്രത്യേക ബ്ലോക്കുകള്‍, പുതുതലമുറ ലാബ് സൗകര്യങ്ങള്‍, പുതിയ ക്ലാസ്മുറികള്‍, ലൈബ്രറി കെട്ടിടങ്ങള്‍, ജിം സൗകര്യങ്ങളോടു കൂടിയ കായികവികസന പദ്ധതികള്‍, സ്‌പോര്‍ട്‌സ് ഗാലറികള്‍, സെമിനാര്‍ ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍, പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങള്‍, ശുചിമുറികള്‍, കുടിവെള്ളവിതരണ സംവിധാനങ്ങള്‍, വിശ്രമമുറികള്‍ തുടങ്ങിയവയാണ് കോളേജുകളില്‍ സജ്ജമാക്കിയത്. കലാലയങ്ങളുടെ മുഖച്ഛായ മാറ്റുന്ന വിധത്തിലുള്ള പശ്ചാത്തലസൗകര്യ വിപുലീകരണത്തിന് സര്‍ക്കാര്‍ കോളേജുകള്‍ക്കു പുറമെ, എയ്ഡഡ് കോളേജുകള്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത് ഇതാദ്യമായാണ്. ലോകോത്തര മികവിലേക്ക് കേരളീയ കലാലയങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളും ഗവേഷണ സൗകര്യങ്ങളും ഉയര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഒന്നാംഘട്ടത്തില്‍ 194 കോടിയും രണ്ടാംഘട്ടത്തില്‍ 374 കോടിയും ഉള്‍പ്പെടെ 568 കോടി രൂപയാണ് ഇതിനായി ചെലവഴിക്കപ്പെടുന്നത്. ഇതില്‍ 227 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും പശ്ചാത്തല സൗകര്യവികസനം, നിലവിലുള്ള കലാലയങ്ങളെ മോഡല്‍ കോളേജുകളാക്കി മാറ്റല്‍, പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന തുല്യതാ സംരംഭങ്ങള്‍, അധ്യാപക ഗുണമേന്മാ വര്‍ദ്ധനവിനുള്ള പരിശീലന പരിപാടികള്‍, അന്തര്‍ദേശീയ-ദേശീയ സെമിനാറുകളും ശില്പശാലകളും തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു പദ്ധതിയുടെ ഒന്നാംഘട്ടം.

ഗവേഷണ നിലവാരം ഉയര്‍ത്തല്‍, സ്വയംഭരണ കോളേജുകളുടെ മികവ് കൂട്ടല്‍, പുതിയ മോഡല്‍ കോളേജുകള്‍ ആരംഭിക്കല്‍, കലാലയങ്ങളുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കല്‍ എന്നീ നാല് ഘടകങ്ങളുള്‍പ്പെട്ടതാണ് രണ്ടാംഘട്ടം. സംസ്ഥാനത്ത് 125 കോളേജുകളിലാണ് രണ്ടാം ഘട്ടത്തില്‍ പശ്ചാത്തല സൗകര്യവികസനം നടക്കുന്നത്. ഇതില്‍ ജില്ലയിലേതടക്കം പ്രവൃത്തി പൂര്‍ത്തിയായ 29 കോളേജുകളിലാണ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

വിവിധ കോളേജുകളില്‍ നടന്ന പരിപാടികളില്‍ എംപിമാരായ ബെന്നി ബെഹനാന്‍, ടി എന്‍ പ്രതാപന്‍, എംഎല്‍എമാരായ അഡ്വ. വി ആര്‍ സുനില്‍ കുമാര്‍, പി ബാലചന്ദ്രന്‍, റൂസ കോ-ഓഡിനേറ്റര്‍മാരായ ഡോ. കെ കെ മുഹമ്മദ് ബഷീര്‍, ഡോ റോഷ്‌നി തുമ്പക്കര, റൂസ കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ജോസ് കുര്യാക്കോസ്, സംസ്ഥാന നിര്‍മ്മിതി കേന്ദ്ര റീജിണല്‍ എഞ്ചിനീയര്‍ സതീദേവി, കോളേജ് പ്രിന്‍സിപ്പല്‍മാര്‍, വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു.

Related Articles

Back to top button