യുവതി ഓടിച്ച സ്കൂട്ടര്‍ പാപ്പാനെ ഇടിച്ചതോടെ ആന വിരണ്ടോടി. വൈപ്പിന്‍ അയ്യമ്ബള്ളി മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെയാണ് സ്കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചത്.
പാപ്പാനെ സ്കൂട്ടറിടിക്കുന്നത് കണ്ട് വിരണ്ടോടിയ ആനയെ ഒപ്പമുണ്ടായിരുന്നവര്‍ പെട്ടെന്ന് തന്നെ തളയ്ക്കുകയായിരുന്നു. അതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. എന്നാല്‍ ആന വിരണ്ടോടിയതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ പരിഭ്രാന്തിയിലായി.ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണു സംഭവം ഉണ്ടായത്. ഉല്‍സവത്തിന് എത്തിച്ച ആനയെ ലോറിയില്‍ നിന്ന് ഇറക്കി ചങ്ങല ഇടുന്നതിനിടെയാണ് സ്കൂട്ടര്‍ യാത്രക്കാരി പാപ്പാനെ ഇടിച്ചത്.
സ്കൂട്ടര്‍ ഓടിച്ചു വരുന്നതിനിടെ നടുറോഡില്‍ ആനയെ കണ്ട പരിഭ്രാന്തിയിലാണ് യുവതി സ്കൂട്ടറുമായി പാപ്പാനെ ഇടിച്ചത്. ഇതേത്തുടര്‍ന്ന് സ്കൂട്ടര്‍ ആനയുടെ ശരീരത്തിലേക്ക് ചരിയുകയും പിന്നീട് മറുവശത്തേക്ക് മറിയുകയുമായിരുന്നു.പാപ്പാനെ സ്കൂട്ടര്‍ ഇടിക്കുന്നത് കണ്ട ആന പെട്ടെന്ന് വിരണ്ട് ഓടുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ അതിവേഗം വൈറലാകുകയും ചെയ്തിരുന്നു. ആന വിരണ്ടോടിയതോടെ ചുറ്റും കൂടി നിന്നവരും പരിഭ്രാന്തരായി ചിതറിയോടി. ഇതില്‍ ചിലര്‍ക്ക് വീണ് നിസാര പരിക്കേറ്റു.