KeralaLatest

മാതൃമനസ്സിന്റെ മഹത്വം തിരിച്ചറിഞ്ഞ് യുക്രെയിന്‍ ജനതയും ഭരണകൂടവും

“Manju”

ഒരിക്കലും രാജ്യങ്ങള്‍ തമ്മിലല്ല യുദ്ധം നടക്കാറുള്ളത് മറിച്ച്‌ ഭരണകൂടങ്ങള്‍ തമ്മിലാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് യുക്രെയിനില്‍ നിന്നും പുറത്തുവരുന്ന ഒരു റഷ്യന്‍ പട്ടാളക്കാരന്റെ കഥ. പിടിക്കപ്പെട്ട ഉടനെ ആയുധം വലിച്ചെറിഞ്ഞ ഇയാളെ ചുറ്റും കൂടിയ യുക്രെയിനി സ്ത്രീകള്‍ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. മാത്രമല്ല അയാള്‍ക്ക് കഴിക്കാന്‍ ചായയും പേസ്ട്രിയും അവര്‍ നല്‍കി. അതിനിടയിലാണ് മാതൃത്വത്തിന്റെ മഹത്വമറിയാവുന്ന ഒരു വീട്ടമ്മ തന്റെ ഫോണ്‍ അയാള്‍ക്ക് നേരെ നീട്ടി നാട്ടിലുള്ള അമ്മയോട് സംസാരിക്കാന്‍ പറയുന്നത്. ഫോണിലൂടെ പെറ്റമ്മയുടെ സ്വരം കേട്ട അയാള്‍ സ്വയം നിയന്ത്രിക്കാനാകാതെ ഫോണില്‍ ചുംബനങ്ങള്‍ നല്‍കുന്നതും പൊട്ടിക്കരയുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. പിന്നീട് മറ്റൊരു സ്ത്രീ ആ ഫോണ്‍ പിടിച്ചുവാങ്ങി, മകന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും, ആരോഗ്യത്തോടെ ഇരിക്കുന്നെന്നും പറഞ്ഞ് ആ അമ്മയെ ആശ്വസിപ്പിക്കുന്നുമുണ്ട്.
ഈ റഷ്യന്‍ ചെറുപ്പക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവര്‍ എന്തിനാണ് ഇവിടെയെത്തിയതെന്ന് അവര്‍ക്ക് അറിയില്ല എന്നും അതിനിടയിലൊരു പുരുഷശബ്ദം പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. റഷ്യന്‍ സൈനികരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സന്ദേശത്തോടു കൂടിയാണ് ഈ വീഡിയോ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കീഴടങ്ങുക, നിങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ഞങ്ങള്‍ തരാം എന്നാണ് ആ സന്ദേശം. സ്വന്തം രാജ്യം ആക്രമിക്കാനെത്തിയ ഒരു സൈനികന്‍ പിടിക്കപ്പെട്ടപ്പോള്‍ അയാളോട് സഹാനുഭൂതിയും കരുണയും കാണിക്കുവാന്‍ സന്മനസ്സുണ്ടായ യുക്രെയിന്‍ വനിതകളെ വാനോളം പുകഴ്‌ത്തി ഈ വീഡിയോ റഷ്യയിലും യുക്രെയിനിലും വൈറലാവുകയാണ്.
ഇതുപോലെ നിരവധി റഷ്യന്‍ സൈനികരെ യുക്രെയിന്‍ തടവിലാക്കിയിട്ടുണ്ട്. റഷ്യന്‍ അമ്മമാരോട് കീവിലെത്തി യുദ്ധത്തടവുകാരായ മക്കളേയും കൊണ്ട് തിരിച്ചുപോകാന്‍ യുക്രെയിന്‍ പ്രതിരോധമന്ത്രാലയം പറഞ്ഞത് മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല എന്നതിന്റെ തെളിവായി പലരും എടുത്തുകാണിക്കുന്നുണ്ട്. റഷ്യയോടല്ല എതിര്‍പ്പ് മറിച്ച്‌ പുടിന്‍ എന്ന ഏകാധിപതിയോടാണ് എന്ന സെലന്‍സ്‌കിയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാകുന്ന സംഭവങ്ങളാണ് ഈ യുദ്ധമുഖത്ത് പലയിടങ്ങളിലും കാണാന്‍ കഴിഞ്ഞത്. പ്രതിരോധ മന്ത്രാലയത്തിന്റെതെന്ന് വെരിഫൈ ചെയ്ത പോസ്റ്റുകളിലൊന്നിലാണ്, തങ്ങളുടെ മക്കള്‍ യുക്രെയിനില്‍ യുദ്ധക്കുറ്റവാളികളായി പിടിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പായാല്‍ റഷ്യന്‍ അമ്മമാര്‍ക്ക് കീവിലെത്തി അവരെ തിരിച്ചുകൊണ്ടു പോകാമെന്ന് പറയുന്നത്.
മാത്രമല്ല, റഷ്യന്‍ സൈനികര്‍ തടവിലുണ്ടോ, മരണമടഞ്ഞോ എന്നൊക്കെ അറിയുവാന്‍ റഷ്യയിലുള്ള അവരുടെ ബന്ധുക്കള്‍ക്ക് ബന്ധപ്പെടാന്‍ ഒരു ഈമെയില്‍ വിലാസവും ഫോണ്‍ നമ്ബരും ഈ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. മക്കളെ തിരിച്ചുകൊണ്ടുപോകണം എന്നുള്ള അമ്മമാര്‍ ബെലാറൂസിലെ കലിനിന്‍ഗ്രേഡിലോ മിന്‍സ്‌കിലോ എത്തി ടാക്സി പിടിച്ച്‌ പോളണ്ടിന്റെ അതിര്‍ത്തിയില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അവിടെ വെച്ച്‌ മക്കളെ സുരക്ഷിതരായി അമ്മമാരുടെ കൈകളില്‍ ഏല്പിക്കുമെന്നും യുക്രെയിന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

Related Articles

Back to top button