KeralaLatestThiruvananthapuram

ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന വാർത്ത തെറ്റ്

“Manju”

ബിന്ദുലാൽ തൃശൂർ

സർക്കാർ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു.

സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളിൽ ചിലർ ആറു മാസമായി തുടർച്ചയായി റേഷൻ വാങ്ങാത്തവരും സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവരുമാണെന്ന് പൊതുവിതരണ വെബ്സൈറ്റിൽ നിന്നു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കുടുംബങ്ങളുടെ മുൻഗണനാ പദവിയുടെ അർഹത സംബന്ധിച്ച് പരിശോധിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഏകദേശം മുപ്പതിനായിരത്തിലേറെ കുടുംബങ്ങളാണ് ആറു മാസമായി റേഷൻ വാങ്ങാതെയും ഭക്ഷ്യക്കിറ്റ് വാങ്ങാതെയും ഉള്ളതായി കണ്ടെത്തിയത്. മുൻഗണനാ പദവി ഉണ്ടായിട്ടും അവരുടെ അർഹതപ്പെട്ട വിഹിതം വാങ്ങാതെ ലാപ്സാക്കി കളയുന്നത് വെയിറ്റിംഗ് ലിസ്റ്റിലുള്ള ധാരാളം കുടുംബങ്ങളോട് കാട്ടുന്ന അനീതിയാണ്.

ഇത്തരക്കാരുടെ വിശദാംശങ്ങൾ പരിശോധിച്ച് അവർ അർഹതയില്ലാത്തവരാണെങ്കിൽ അവരെ നീക്കി പകരം അർഹതപ്പെട്ട പുതിയ കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കുമോ എന്ന് പരിശോധിക്കുവാനുള്ള സർക്കാർ നീക്കമാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്.

മേൽ പറഞ്ഞപ്രകാരം റേഷൻ വാങ്ങാത്തവരുടെയും അതിജീവനക്കിറ്റ് വാങ്ങാത്തവരുടെയും പട്ടിക എല്ലാ റേഷൻ കടകളിലും വില്ലേജ് ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും.

റേഷൻ വാങ്ങാത്തതു സംബന്ധിച്ച് പ്രസ്തുത കാർഡ് ഉടമകൾക്ക് നോട്ടീസ് നൽകി അവർക്ക് ആക്ഷേപം ഉണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്ത് മാത്രമേ ഈ വിഷയത്തിൽ തീരുമാനം എടുക്കുകയുള്ളൂ എന്ന് മന്ത്രി അറിയിച്ചു.

Related Articles

Back to top button