InternationalLatest

റെയിലും മെട്രോയും റോഡുപോലുമില്ലാത്ത സമ്പന്ന രാജ്യം ?

“Manju”

വലിയ തിരക്കുകളൊന്നും ഇല്ലാത്ത സുന്ദരമായ ഒരു ഗ്രാമജീവിതം സ്വപ്നം കാണാത്തവര്‍ അധികമുണ്ടാവില്ല. പ്രതേകിച്ച്‌ നഗരത്തിരക്കുകള്‍ക്കിടയില്‍ ആളുകള്‍ ശ്വാസം മുട്ടി കഴിയുന്ന ഈ പുതിയ കാലത്ത്.
എന്നാല്‍ ഈ തിരക്കുകള്‍ ഒന്നും ഇല്ലാത്ത ഒരു ഗ്രാമം ഭൂമിയിലുണ്ട്. റോഡുകളില്ലാത്ത ഒരു ഗ്രാമം. നെതര്‍ലാന്‍ഡ്സിലെ വെനീസ് എന്നറിയപ്പെടുന്ന പൗരാണിക ഗ്രാമമായ ഗീതോണ്‍. വാഹനങ്ങളില്ലാത്ത ഗ്രാമത്തില്‍ ജനവാസം തീരെയില്ലെന്ന് കരുതിയാലും തെറ്റി. ഇവിടെ ഒരുപാട് ആള്‍ക്കാരുമുണ്ട്. അവര്‍ പണിത അതിമനോഹരമായ വീടുകളുമുണ്ട്. വീടിനു പുറത്തെ റോഡുകള്‍ക്ക് പകരം ഇവിടെ കനാലുകളാണ് ഉള്ളത്. കാറുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പകരം ബോട്ടുകളും. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്‌ക്ക് പോകണമെങ്കിലില്‍ ബോട്ടില്‍ തന്നെ പോകണം. നോക്കാം ഗീതോണ്‍ നഗരത്തിന്റെ വിശേഷങ്ങള്‍.
കിഴക്കന്‍ നെതര്‍ലാന്‍ഡ്സിലെ പ്രവിശ്യയായ ഓവറൈസിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ മനോഹാരിതയെ മുഴുവന്‍ തന്നിലേക്ക് ആവാഹിച്ചെടുത്തിട്ടുണ്ട് ഈ കൊച്ചു ഗ്രാമം. ഗീതോണ്‍ എന്ന് ഈ ഗ്രാമത്തിന് പേര് ലഭിക്കാനൊരു കാരണമുണ്ട്. എന്താണെന്ന് വെച്ചാല്‍ പത്താം നൂറ്റാണ്ടിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ അവശിഷ്ടങ്ങളായ നൂറുകണക്കിന് ഗോട്ട്ഹോണ്‍സ് അഥവാ ആട്ടിന്‍ കൊമ്ബുകള്‍ ഈ ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. അങ്ങെയാണ് ഈ നാടിന് ഗീതോണ്‍ എന്ന പേര് ലഭിച്ചത്.
നെതര്‍ലാന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് വെറും രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഗീതോണിലെത്താം. 1958ല്‍ ഡച്ച്‌ ഫിലിം ഡയറക്ടറായ ബെര്‍റ്റ് ഹന്‍സ്ട്ര അദ്ദേഹത്തിന്റെ ‘ഫാന്‍ഫെയര്‍’ എന്ന ചിത്രത്തിലൂടെ ഗീതോണിനെ ലോക പ്രശസ്തമാക്കി. അതിനുശേഷം ഇവിടേക്ക് വിനോദസഞ്ചാരികള്‍ ധാരാളമായി ഒഴുകിയെത്താന്‍ തുടങ്ങി. എന്നാല്‍ പ്രശാന്ത സുന്ദരമായ ഗ്രാമീണ കാഴ്ചകള്‍ സ്വപ്നം കണ്ട് ഗീതോണിലെത്തുന്നവര്‍ തങ്ങളുടെ വാഹനങ്ങളെല്ലാം പുറത്ത് പാര്‍ക്ക് ചെയ്തു വേണം അകത്തേക്ക് പ്രവേശിക്കാന്‍. കാല്‍നടയായോ അല്ലെങ്കില്‍ ബോട്ടുകളിലൂടെയോ മാത്രമേ ഈ ഗ്രാമത്തില്‍ ചുറ്റിക്കറങ്ങാന്‍ സാധിക്കൂ.
നാലുപാടും കനാലുകളാല്‍ ചുറ്റപ്പെട്ട ഗീതോണിന്റെ പ്രധാന പ്രത്യേകത ഇവിടെ റോഡുകളില്ല എന്നത് തന്നെയാണ്. ആധുനിക ഗതാഗത സംവിധാനങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഈ ഗ്രാമത്തില്‍ ജനങ്ങള്‍ എങ്ങനെ യാത്ര ചെയ്യുന്നു എന്നറിയാന്‍ ഏവര്‍ക്കും കൗതുകമുണ്ടാവും. അത് അറിയാന്‍ വേണ്ടി തന്നെ ഒരുപാട് ആളുകള്‍ ഇവിടേയ്‌ക്ക് എത്താറുണ്ട്. ഇവിടുത്തെ ഗ്രാമവാസികളുടെ യാത്രകളെല്ലാം കെട്ടുവള്ളങ്ങളിലും ബോട്ടുകളിലും കൂടിയാണ്. കനാലുകളിലൂടെയും ബോട്ടുകളിലുമാണ് അവര്‍ വീടുകളിലേക്ക് എത്തിച്ചേരുന്നതും. കനാലുകള്‍ക്ക് കുറുകെയായി ഏകദേശം 176 പാലങ്ങള്‍ ഇവിടെയുണ്ട്.
ഇവിടുത്തെ ബോട്ടുകള്‍ക്കുമുണ്ട് പ്രത്യേകത. ശബ്ദമില്ലാത്ത എന്‍ജിനുകള്‍ ഉപയോഗിച്ചാണ് അവ നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവിടുത്തെ ബോട്ടുകള്‍ ‘വിസ്പറിംഗ് ബോട്ടുകള്‍’ എന്നാണ് അറിയപ്പെടുന്നത്. ബോട്ട് യാത്രയ്‌ക്ക് പുറമേ കനാലുകളുടെ ഇരുവശങ്ങളിലുമുള്ള ചെറിയ നടപ്പാതകളിലൂടെയും ആളുകള്‍ക്ക് യാത്ര ചെയ്യാം. നടപ്പാതകളിലൂടെയുള്ള സൈക്കിള്‍ സഞ്ചാരം ഇവിടുത്തെ പതിവ് കാഴ്ചകളിലൊന്നാണ്. നെതര്‍ലാന്‍ഡ്സിലെ ഒരു ഔദ്യോഗിക വാഹനം തന്നെയാണ് സൈക്കിള്‍. ഈ രാജ്യത്തെ സാധാരണക്കാരന്‍ മുതല്‍ പ്രധാനമന്ത്രിവരെ സൈക്കിളില്‍ യാത്ര ചെയ്യുന്നത് കാണാം.
ഇതിനൊക്കെ പുറമേ നെതര്‍ലാന്‍ഡ്സിലെ ഒരു പൗരാണിക ഗ്രാമം കൂടിയാണ് ഗീതോണ്‍. അമൂല്യമായ പുരാവസ്തു ശേഖരങ്ങളും ഇവിടെയുണ്ട്. രുചികരമായ ഭക്ഷണവും വിഭവങ്ങളും ഒരുക്കിയാണ് ഇവിടുത്തെ റസ്റ്റോറന്റുകളും കഫേകളും വിനോദസഞ്ചാരികളെ സ്വീകരിക്കുന്നത്. പ്രശാന്ത സുന്ദരമായ ഈ തുരുത്തില്‍ കാതോര്‍ത്താല്‍ പ്രകൃതിയുടെ അനശ്വര സംഗീതം ആസ്വദിക്കാം. കാരണം അരുവികളുടെയും പക്ഷികളുടെയും ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും ഇവിടെ നിങ്ങളെ അലോസരപ്പെടുത്തില്ല. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി പ്രത്യേക ബോട്ട് ടൂറിസം പദ്ധതി തന്നെ ഗീതോണില്‍ തയ്യാറാക്കിയിട്ടുണ്ട്.
തിരക്കേറിയ ജീവിത യാത്രക്കിടയില്‍ കുറച്ച്‌ ശാന്തത ആഗ്രഹിക്കാത്തതായി ആരും തന്നെയുണ്ടാവില്ല, കാണേണ്ടതുതന്നെയാണ് ഗീതോണിലെ കാഴ്ചകള്‍..

Related Articles

Back to top button