IndiaLatest

യോഗി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 25ന്

“Manju”

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന് നടക്കും. വൈകിട്ട് നാലു മണിക്ക് ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ് നാഥ് സിംഗ്, ജെപി നഡ്ഡ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ എന്‍ഡിഎ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തേക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട അമിത് ഷായും രഘുവര്‍ ദാസും ഉടന്‍ ഉത്തര്‍പ്രദേശിലെ എത്തും.

എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് യോഗി ആദിത്യനാഥിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. അതേസമയം ഉത്തരാഖണ്ഡില്‍ എല്ലാ എംഎല്‍എമാരോടും നാളെ ഡെറാഡൂണില്‍ എത്താന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എംഎല്‍എമാരുടെ യോഗത്തില്‍ വച്ച്‌ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് സാധ്യത. വിവിധ സംസ്ഥനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയതിന്റെ പകിട്ടിലാണ് ബിജെപി.

ഉത്തര്‍പ്രദേശില്‍ എസ്പിയെ പരാജയപ്പെടുത്തിയും കോണ്‍​ഗ്രസിനെ ഇല്ലാതാക്കിയും സ്വന്തമാക്കിയ വിജയം അതിന്റെ മാറ്റു കൂട്ടുന്നുണ്ട്. അതേസമയം, ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം വന്നത് ശ്രദ്ധേമായി. നേതാക്കളുടെ മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ വിമര്‍ശനം. നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തിലാണ് കുടുംബാധിപത്യത്തെ കുറിച്ച്‌ മോദി വിമര്‍ശനം ഉയര്‍ത്തിയത്.

സാധാരണ വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ ആണെങ്കില്‍ ഇത്തവണ പക്ഷെ അത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ ആയിരുന്നു. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പല എംപിമാരും നേതാക്കളും മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടതായി മോദി യോഗത്തില്‍ പറഞ്ഞു. എന്നാല്‍ പലതും അനുവദിച്ചില്ല. സീറ്റ് അനുവദിക്കാത്തതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും ഈ പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും മോദി വ്യക്തമാക്കി.

കുടംബാധിപത്യം ജാതീയതയിലേക്ക് നയിക്കുന്നതാണെന്നും പാര്‍ട്ടിയുടെ പോരാട്ടം കുടുബാധിപത്യത്തിനെതിരെ ആണെന്ന് ഓര്‍ക്കണമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ്, എസ് പി അടക്കമുള്ള പാര്‍ട്ടികള്‍ക്കെതിരെ ഇതേ വിഷയത്തില്‍ ബിജെപി എടുക്കുന്ന നിലപാട് ഉദ്ദേശിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.

Related Articles

Back to top button