KeralaLatest

ഗുജറാത്ത് പിടിക്കാം; ‍ ഓഫര്‍ വച്ച്‌ പ്രശാന്ത് കിഷോര്‍

“Manju”

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ ഒരുക്കാന്‍ സന്നദ്ധമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള നിരവധി ചര്‍ച്ചകള്‍ നേരത്തെ രാഹുലും പ്രശാന്ത് കിഷോറും നടത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഇവ വഴി മുട്ടി. അതിനിടെ, ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി കിഷോര്‍ പ്രചാരണച്ചുമതല വഹിച്ചു. ഇതിനു പിന്നാലെ രാഹുലും കിഷോറും തമ്മിലുള്ള ബന്ധം മോശമാകുകയായിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോള്‍ ഇദ്ദേഹം രാഹുലിന് മുമ്ബില്‍ വച്ചിട്ടുള്ളത്. എന്നാല്‍ നിര്‍ദേശത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുത്തിട്ടില്ല. നേരത്തെ, ഗുജറാത്തില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ കിഷോറിന്റെ സഹായം ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.
കഴിഞ്ഞ വര്‍ഷം കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഇത് നടന്നില്ലെന്ന് ഈയിടെ പ്രിയങ്കാ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ ഒരു വ്യക്തിക്കും ദൈവികമായ അവകാശമില്ലെന്ന് ഈയിടെ കിഷോര്‍ പറഞ്ഞിരുന്നു. രാഹുലിനെതിരെയായിരുന്നു വിമര്‍ശം. പത്തു വര്‍ഷത്തിനിടെ 90 ശതമാനം തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തോറ്റതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
യുപി അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ ശ്രദ്ധ കൊടുക്കുന്നത്. കഴിഞ്ഞ ദിവസം 75 ജനറല്‍ സെക്രട്ടറിമാരും 25 വൈസ് പ്രസിഡണ്ടുമാരും അടങ്ങുന്ന ജംബോ ഭാരവാഹി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

Related Articles

Back to top button