InternationalLatest

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് ; ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം

“Manju”

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം. നാളെ രാവിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമിയില്‍ കടക്കാം. തോറ്റാല്‍ ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താകും.

നിലവിലെ ഫൈനലിസ്റ്റുകളായ മിതാലി രാജിന്റെ സംഘത്തിന് അഗ്നി പരീക്ഷയാണ് ഞായറാഴ്ചത്തെ മത്സരം. ഹാഗ്‌ലി ഓവലില്‍ ശക്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യന്‍ പെണ്‍പടയുടെ എതിരാളികള്‍. ഇതിനകം ടൂര്‍ണമെന്റിന്റെ സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് സമ്മര്‍ദ്ദം ഏതുമില്ല. പക്ഷെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ സമ്മര്‍ദ്ദത്തിലാണ്. കളിച്ച 6 മത്സരങ്ങളില്‍ നിന്നും 6 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. പോയിന്‍റ് പട്ടികയില്‍ വിന്‍ഡീസ് മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ദക്ഷിണാഫിക്കയ്ക്കെതിരെ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യയെ സെമിയിലെത്തിക്കില്ല.

മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ അഭാവവും മധ്യനിര ബാറ്റര്‍മാരുടെ സ്ഥിരതയില്ലാത്ത പ്രകടനവുമാണ് ഇന്ത്യയെ ഈ അവസ്ഥയിലെത്തിച്ചത്. ക്യാപ്റ്റന്‍ മിതാലി രാജ് ബാറ്റിംഗില്‍ ഫോമിലല്ല. ഷെഫാലി വെര്‍മയ്ക്കും സ്മൃതി മന്ദാനയ്ക്കും ഹര്‍മന്‍ പ്രീത് കൌറിനും ബാറ്റിംഗില്‍ സ്ഥിരത പുലര്‍ത്താനാകുന്നില്ല. പൂജ വസ്ട്രാര്‍ക്കറും സ്നേഹ് റാണയും പുറത്തെടുക്കുന്ന ഓള്‍ റൌണ്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് അല്‍പമെങ്കിലും ആശ്വാസമേകുന്നത്. ബോളിംഗില്‍ ജൂലന്‍ ഗോസ്വാമിയും രാജേശ്വരി ഗെയ്ക്ക്വാദും ഫോമിലാണ്. നേര്‍ക്ക് നേര്‍ പോരാട്ടങ്ങളില്‍ ദക്ഷിണാഫ്രിക്കക്കാണ് മേല്‍ക്കൈ. സൂണ്‍ ലൂസ് ക്യാപ്റ്റനായ ടീമിലെ സൂപ്പര്‍ താരം മരിസാന്നെ കാപ്പാണ്. 6 മത്സരങ്ങളില്‍ നിന്നും 353 റണ്‍സുമായി വോല്‍വാത്ത് മികച്ച റണ്‍ നേട്ടക്കാരികളുടെ പട്ടികയില്‍ രണ്ടാമതുണ്ട്.

6 മത്സരങ്ങളില്‍ നിന്നും 270 റണ്‍സുമായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൌര്‍ അഞ്ചാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ പൂജ വസ്ട്രാര്‍ക്കര്‍, സ്നേഹ് റാണ എന്നിവര്‍ 10 വിക്കറ്റുകള്‍ വീതം നേടി വിക്കറ്റ് നേട്ടക്കാരികളുടെ പട്ടികയില്‍ ഒന്നാമതുണ്ട്. ആറ് മത്സരങ്ങളില്‍ 4 എണ്ണത്തിലും വിജയിച്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ മിതാലിയുടെ സംഘത്തിന് ഇതുവരെയുള്ള കളി മതിയാകില്ല. ഏതായാലും ജീവന്മരണ പോരാട്ടത്തില്‍ വിജയിച്ച്‌ മിതാലിയും സംഘവും സെമി ടിക്കറ്റുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related Articles

Back to top button