KeralaLatest

ഏപ്രില്‍ 19ന് ബഹുജനസംഗമത്തിന് ഇടത് മുന്നണി

“Manju”

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ വ്യാപക പ്രതിഷേധങ്ങളെ മറികടക്കാനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ഏപ്രില്‍ 19ന് തലസ്ഥാനത്ത് ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച്‌ ബഹുജനസംഗമം സംഘടിപ്പിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയും പ്രമുഖ ഇടതുമുന്നണി നേതാക്കളും പങ്കെടുക്കും. ജില്ലാ, പ്രാദേശിക തലങ്ങളിലും തുടര്‍ന്ന് സമാന പരിപാടികളൊരുക്കും. ഗൃഹസന്ദര്‍ശനം വഴിയും ജനങ്ങളെ ബോധവത്കരിക്കും.
അതേസമയം, കെ-റെയില്‍ കല്ലിടലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങളില്‍ ഘടകകക്ഷി നേതാക്കള്‍ മുന്നണി യോഗത്തില്‍ ആശങ്കയറിയിച്ചു. ആശങ്കകള്‍ അകറ്റി വേണം പദ്ധതിയെപ്പറ്റി ജനങ്ങളെ ബോദ്ധ്യപ്പെടുത്താനെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ആരും പദ്ധതിയെ എതിര്‍ത്തില്ല. സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് എല്‍.ജെ.ഡി പ്രതിനിധി വറുഗീസ് ജോര്‍ജ് നിര്‍ദ്ദേശിച്ചെങ്കിലും യോഗം അത് മുഖവിലയ്ക്കെടുത്തില്ല. യു.ഡി.എഫും ബി.ജെ.പിയും ഒരു വിഭാഗം മാദ്ധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ രാഷ്ട്രീയസമരം നടത്തുന്നുവെന്നാണ് യോഗത്തിന്റെ പൊതുവിലയിരുത്തല്‍.
വീടുകള്‍ കയറിയുള്ള വിശദീകരണത്തില്‍, ഒരു ചെറിയ വിഭാഗം ആളുകളാണ് പദ്ധതിയെ ചോദ്യം ചെയ്തതെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍ യോഗത്തില്‍ പറഞ്ഞു. എന്താണ് വസ്തുതയെന്നും പദ്ധതി കൊണ്ട് സര്‍ക്കാരെന്താണ് ഉദ്ദേശിക്കുന്നതെന്നും വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫിന്റെ എല്ലാ ജില്ലകളിലുമുള്ള വിശദീകരണം സര്‍ക്കാര്‍ മുന്‍കൂട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഓരോ ഘട്ടത്തിലും അനുമതി ലഭിച്ചാല്‍ അതുടന്‍ നടപ്പാക്കുന്നതിലേക്ക് സര്‍ക്കാര്‍ നീങ്ങും. പദ്ധതിക്കായി വിദേശവായ്പ കൃത്യമായി ചെലവഴിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങള്‍ക്ക് ആശങ്കയുള്ളതിനാല്‍ അവരുടെ മുന്നിലേക്ക് പോയി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് സി.പി.ഐ പ്രതിനിധികള്‍ പറഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും പറയുന്നതേ ജനമിപ്പോള്‍ കേള്‍ക്കുന്നുള്ളൂ. എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞതല്ലാതെ കൂടുതലായൊന്നും ജനങ്ങളോട് വിശദീകരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയപ്രേരിത സമരമാണെന്ന് ബോദ്ധ്യപ്പെടുത്തിയാല്‍ ജനങ്ങളുടെ തെറ്റിദ്ധാരണ മാറുമെന്നും, നഷ്ടപരിഹാരം നല്‍കുന്നതടക്കം വിശദീകരിക്കണമെന്നും അഭിപ്രായമുയര്‍ന്നു.

Related Articles

Back to top button