KeralaLatest

ഐക്യ കേരളത്തിലെ ആദ്യ മന്ത്രി സഭക്ക് 65 വയസ്.

“Manju”

ഐക്യ കേരളത്തിലെ ആദ്യ മന്ത്രി സഭക്ക് 65 വയസ് പൂർത്തിയാകുന്നു. 1957 ഏപ്രില്‍ 4 സ്വതന്ത്രന്മാരുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മന്ത്രിസഭ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തിലധികാരത്തില്‍ വന്നു.ലോകത്ത് ആദ്യമായി പാർലമെന്ററി സംവിധാനത്തിലൂടെ നിലവിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കൂടിയായിരുന്നു അത്. ഇതിന് വഴിയൊരുക്കിക്കൊണ്ട കേരളത്തിൽ ജനാധിപത്യ പ്രക്രിയക്ക് തുടക്കമിട്ട കേരളത്തിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അറുപതാം വാർഷികമാണ് നാളെ. 1956 നവംബർ ഒന്നിലെ സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ തുടക്കം 1957 ഫെബ്രുവരി 28 നായിരുന്നു. ആറുദിവസങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. ഒപ്പം രണ്ടാം ലോക്‌സഭയിലേക്കും വോട്ടെടുപ്പ് നടന്നു.

ഫെബ്രുവരി 28, മാര്‍ച്ച്‌ 2, 5, 7, 9, 11 എന്നിങ്ങനെ ഒന്നിടവിട്ട തീയതികളില്‍ വിവിധ ജില്ലകളിലായി തെരഞ്ഞെടുപ്പ് നടത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയ്തത്. ആകെയുള്ള 126 സീറ്റില്‍ പതിനൊന്ന് പട്ടികജാതി വിഭാഗത്തിനും ഒന്ന് പട്ടികവര്‍ഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു. 114 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തെരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആദ്യ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കേരളപ്പിറവിയോടെതന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു.
11 അംഗങ്ങളാണ് മന്ത്രിസഭയിലുണ്ടായിരുന്നത്. എല്ലാവരും അതിപ്രഗല്‍ഭര്‍. സി.അച്യുതമേനോനായിരുന്നു ധനകാര്യം. കെ.ആര്‍.ഗൗരിയമ്മ റവന്യു, എക്സൈസ് മന്ത്രിയായപ്പോള്‍ ടി.വി. തോമസിനായിരുന്നു തൊഴില്‍, ഗതാഗത വകുപ്പുകള്‍. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ, സഹകരണ മന്ത്രിയായി. സ്വതന്ത്രാംഗം വി.ആര്‍.കൃഷ്ണയ്യര്‍ നിയമ, ജലസേചന, വൈദ്യുതി മന്ത്രിയായി. കെ.പി.ഗോപാലന്‍ (വ്യവസായം), പി.കെ.ചാത്തന്‍ മാസ്റ്റര്‍ (തദ്ദേശ ഭരണം), എ.ആര്‍.മേനോന്‍ (ആരോഗ്യം), കെ.സി. ജോര്‍ജ് (ഭക്ഷ്യം, വനം), ടി എ മജീദ് (പൊതുമരാമത്ത്) എന്നിവരായിരുന്നു മറ്റു മന്ത്രിമാര്‍.
കോണ്‍ഗ്രസിലെ പി.ടി.ചാക്കോ ആയിരുന്നു ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്. ആര്‍.ശങ്കരനാരായണന്‍ തമ്ബി സ്പീക്കര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരയില്‍ ആര്‍.പ്രകാശം, ആര്‍.സുഗതന്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍, ശങ്കരനാരായണന്‍ തമ്ബി, എന്‍.ഇ.ബാലറാം, ടി.കെ.രാമകൃഷ്ണന്‍, പി.ഗോവിന്ദപ്പിള്ള, കെ.പി.ആര്‍.ഗോപാലന്‍, റോസമ്മ പുന്നൂസ് എന്നീ മുന്‍നിര നേതാക്കള്‍ വിജയിച്ചെത്തി. കോണ്‍ഗ്രസ് നിരയില്‍ കെ.എം.ജോര്‍ജ്, ടി.യു.ബാവ, പി.പി.ഉമ്മര്‍കോയ, ലീല ദാമോദരമേനോന്‍, പിഎസ്പിയില്‍ പട്ടം താണുപിള്ള, പൊന്നറ ശ്രീധര്‍, ലീഗ് നിരയില്‍ അഹമ്മദ് കുരിക്കള്‍, സി.എച്ച്‌.മുഹമ്മദ് കോയ, ഹസന്‍ ഗനി തുടങ്ങിയവരും ആദ്യ സഭയിലുണ്ടായിരുന്ന പ്രഗല്‍ഭരാണ്.
ഒന്നാംകേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആകെയുള്ള 114 നിയോജകമണ്ഡലങ്ങളില്‍ നിന്ന് 126 പേരെയായിരുന്നു തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ആകെ 75 ലക്ഷം വോട്ടര്‍മാര്‍. ഇന്നത്തെ രണ്ടരക്കോടിയുടെ മൂന്നിലൊന്നില്‍ താഴെ. 104 ഇടത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ചിരുന്നു. ഇതില്‍ പന്ത്രണ്ട് മണ്ഡലങ്ങള്‍ ദ്വയാംഗ മണ്ഡലങ്ങളായിരുന്നു. പതിനാലിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുകയാണ് പാര്‍ട്ടി ചെയ്തത്. മുന്‍ തിരുകൊച്ചി പ്രധാനമന്ത്രിയായിരുന്ന പനമ്ബിള്ളി ഗോവിന്ദമേനോന്‍ മത്സരിച്ച ചാലക്കുടി അടക്കം മൂന്ന് മണ്ഡലങ്ങളില്‍ പിഎസ്‌പി സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി പിന്തുണ നല്‍കി. എട്ടിടത്ത് പാര്‍ട്ടിയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല.
ബാലറ്റ് പേപ്പറിലൂടെ ലോകത്ത് ആദ്യമായി അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയാണ് ഇ.എം.എസ്സിന്റേതെന്നായിരുന്നു ആദ്യ കാലത്ത് ഏവരും ധരിച്ചുവെച്ചിരുന്നത്. എന്നാല്‍, ബ്രിട്ടീഷ് “ഗയാന”യിലാണ് അത്തരത്തിലുള്ള ആദ്യത്തെ മന്ത്രിസഭ നിലവില്‍വന്നത് എന്ന് ഇ.എം.എസ്. തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഒരു അഭിമുഖത്തിലായിരുന്നു എഎംഎസ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button