KeralaLatest

ലോകത്തിന്റെ തിരുത്തായി ശാന്തിഗിരിയിലെ സന്ന്യാസം മാറണം – സ്വാമി നവനന്മ ജ്ഞാന തപസ്വി

“Manju”

പോത്തൻകോട് : ലോകത്ത് പലവിധത്തിലുള്ള സന്ന്യാസമുണ്ടെന്നും സന്ന്യാസരംഗത്ത് ഇന്നോളം വന്നിട്ടുള്ള എല്ലാ അപചയങ്ങളും മാറി ലോകത്തിന്റെ തിരുത്തായി ശാന്തിഗിരിയിലെ സന്ന്യാസം മാറണമെന്നും ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികാഘോഷങ്ങളോടനു ബന്ധിച്ച് ഗുരുവിന്റെ ഉദ്യാനത്തിൽ ഇന്ന് ( 29-09-2022 വ്യാഴാഴ്ച) രാത്രി 8 മണിക്ക് നടന്ന സത്സംഗത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി. ഒരിക്കൽ ഗുരു തന്നെക്കാണാനെത്തിയവരോട് ചോദിച്ച ഒരു ചോദ്യത്തോടെയായിരുന്നു സ്വാമി തന്റെ പ്രഭാഷണം തുടങ്ങിയത്. ആരാണ് സന്യാസി? എന്ന് ഗുരു ഒരിക്കൽ ചോദിച്ചു. ആരും മറുപടി പറയാത്തതിനാൽ ഗുരു തന്നെ ഉത്തരം പറഞ്ഞു. “ബ്രഹ്മചാരികളായി നിന്ന്കൊണ്ട് പ്രസ്ഥാനത്തിന് വേണ്ടി അന്ത്യം വരെ സേവനം ചെയ്യുന്നവരാണ് സന്യാസി” എന്നാണ് ഗുരു പറഞ്ഞത് . സന്യാസിയെ സംബന്ധിച്ചും സന്ന്യാസിനിയെ സംബന്ധിച്ചും ഈ വാക്ക് വളരെ വിലപ്പെട്ടതാണ്. ബ്രഹ്മചര്യമെന്നാൽ ബ്രഹ്മത്തെ ചര്യയിൽ സൂക്ഷിക്കുന്ന വഴി എന്നാണ് വാക്കർത്ഥം. അതൊരു സൂക്ഷിപ്പാണ്. മനസ്സിൽ സത്യവും വാക്കിൽ സ്നേഹവും പ്രവർത്തിയിൽ വിനയവും ഒരു സന്ന്യസ്തനുണ്ടാകണം. സത്യത്തെ അഥവാ ബ്രഹ്മത്തെ ചര്യയിൽ സൂക്ഷിക്കുമ്പോൾ ജാഗ്രതയുണ്ടാവണമെന്നും സ്വാമി പറഞ്ഞു.

ശാന്തിഗിരിയിലെ സന്ന്യാസിയെ സംബന്ധിച്ച് ആത്മീയം തെരഞ്ഞ് നടക്കേണ്ട ഒന്നല്ല. നമ്മൾ മനസ്സും വാക്കും പ്രവർത്തിയിലും ശ്രദ്ധിച്ചാൽ കർമ്മത്തിൽ ഭക്തിയുണ്ടാകും. ആ ഭക്തിയിൽ ആത്മീയത നമ്മെത്തേടിവരും . കർമ്മം എന്തു തന്നെ ആയാലും ഫലം ആഗ്രഹിച്ചാലും ഇല്ലെങ്കിലും പ്രവർത്തിയുടെ ഫലം പ്രകൃതി നമുക്ക് തരും. സന്ന്യാസിമാർ മാതൃകാപരമായ കർമ്മത്തിന്റെ ഉടമകളാവണം. ഇരുപത്തിയഞ്ച് ചതുർയുഗങ്ങളായി വന്നിട്ടുള്ള കർമ്മങ്ങളൂടെ അപചയം ശാന്തിഗിരിയിലെ സന്ന്യാസിയിലൂടെയും ഗൃഹസ്ഥനിലൂടെയും മാറണം. സന്ന്യാസജീവിതത്തിൽ എന്തു ദു:ഖവും കഷ്ടതയും വന്നാലും അതൊക്കെ സഹിച്ച് നമ്മുടെ കർമ്മത്തിലൂടെ പ്രസ്ഥാനത്തിന് ഒരു ദു:ഖവും അപചയവും വരാതെ സന്ന്യാസ സംഘത്തിലെ ഓരോരുത്തരും സൂക്ഷിക്കണമെന്നും ആ സൂക്ഷിപ്പോടുകൂടി ജീവിക്കാൻ കഴിയുമമ്പോഴാണ് സന്ന്യാസം സമാരംഭിക്കുന്നതെന്നും സ്വാമി കൂട്ടിച്ചേർത്തു.

Related Articles

Back to top button