IndiaKeralaLatestThiruvananthapuram

ലോകാരോഗ്യ സംഘടന രൂപീകരിച്ച കോവാക്‌സ്‌ സഖ്യത്തില്‍ ചൈനയും

“Manju”

സിന്ധുമോൾ. ആർ

കോവിഡ് വാക്സിനുകള്‍ ലോകമെങ്ങും നീതിപൂര്‍വം വിതരണം ചെയ്യുന്നതിന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ) രൂപീകരിച്ച സഖ്യത്തില്‍ ചൈനയും ഔദ്യാഗികമായി ചേര്‍ന്നു. വ്യാഴാഴ്ചയാണ് ഡബ്ല്യുഎച്ച്‌ഒയുടെ വാക്സിന്‍ സഖ്യമായ ഗവിയുമായി കരാര്‍ ഒപ്പിട്ടതെന്ന് ചൈനയുടെ വിദേശമന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ് പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്ക ഡബ്ല്യുഎച്ച്‌ഒയെ ബഹിഷ്കരിക്കുന്ന സാഹചര്യത്തില്‍ ചൈന കോവാക്സ് സഖ്യത്തില്‍ ചേര്‍ന്നത് പ്രധാനമാണ്.

വാക്സിന്‍ ഗവേഷണത്തിന്റെ മുന്‍പന്തിയിലുള്ള ചൈനയുടെ സഹകരണം ഡബ്ല്യുഎച്ച്‌ഒയുടെ ശ്രമത്തിന് കരുത്തുപകരും.എല്ലാവര്‍ക്കും ആരോഗ്യമുള്ള പങ്കാളിത്ത സമൂഹം എന്ന സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിച്ചാണ് ചൈനയുടെ നടപടിയെന്ന് വക്താവ് പറഞ്ഞു. കോവിഡ് വാക്സിനുകള്‍ ആഗോള സമൂഹത്തിന്റെ പൊതുഗുണത്തിന് ഉപയോഗിക്കുമെന്ന ഉറപ്പ് പാലിക്കാന്‍ കൂടിയാണ് സഖ്യത്തില്‍ ചേര്‍ന്നത്. സഖ്യത്തില്‍ ചേരാതെ തങ്ങളുടെ വാക്സിനുകള്‍ വികസ്വര രാജ്യങ്ങളില്‍ സ്വന്തം നിലയ്ക്ക് നല്‍കാനാണ് ചൈനയുടെ നീക്കം എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒമ്പത് വാക്സിനാണ് നിലവില്‍ കോവാക്സ് സംവിധാനത്തില്‍ ഉള്‍പ്പെടുത്താന്‍ പരിഗണനയിലുള്ളതെന്ന് ഡബ്ല്യുഎച്ച്‌ഒ പറഞ്ഞു. ഇതില്‍ രണ്ട് വീതം ചൈനയിലും അമേരിക്കയിലും വികസിപ്പിക്കുന്നവയാണ്.

കോവിഡിന് കാരണമായ കൊറോണ വൈറസ് കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടതായും ചൈന അത് ആദ്യം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായതെന്നും വിദേശമന്ത്രാലയ വക്താവ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യമുള്ള, ഏറ്റവും വലിയ ശക്തിയായ അമേരിക്കയ്ക്ക് എന്തുകൊണ്ട് വൈറസിനെ നേരത്തെ കണ്ടെത്താനും പരിശോധനകള്‍ നടത്തി വ്യാപനം തടയാനും കഴിഞ്ഞില്ലെന്നും ഹുവാ ചുന്‍യിങ് ചോദിച്ചു.

Related Articles

Back to top button