InternationalLatest

സ്‌ഫോടനം; ചാവേറായത് രണ്ട് കുട്ടികളുടെ അമ്മയായ ശാസ്ത്രാദ്ധ്യാപിക

“Manju”

ഇസ്ലാമബാദ്: കഴിഞ്ഞ ദിവസം നാല് പേരുടെ മരണത്തനിടയാക്കിയ കറാച്ചി യൂണിവേഴ്സിറ്റിയിലെ ചാവേര്‍ സ്‌ഫോടനം നടത്തിയ ഷാരി ബലോച്ച്‌ എന്ന 30കാരിയായ യുവതിയ്ക്ക് ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടെന്നും അവര്‍ രണ്ട് കുട്ടികളുടെ അമ്മയാണെന്നും വ്യക്തമാക്കി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത തീവ്രവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) രംഗത്ത്. ഇന്നലെ സംഘടന പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളുള്ളത്.

ബലൂചിസ്ഥാന്‍ ടര്‍ബത്ത് പ്രവിശ്യയിലെ നിയാസര്‍ അബാദ് സ്വദേശിനിയായ ഇവര്‍ക്ക് ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ട്. ഇപ്പോള്‍ അവര്‍ എം ഫില്ലിന് പഠിക്കുകയും ഒപ്പം ഒരു ശാസ്ത്രാദ്ധ്യാപികയായി ജോലി നോക്കുകയുമായിരുന്നു. മാത്രമല്ല ഇവരുടെ ഭര്‍ത്താവ് ഒരു ഡോക്ടര്‍ കൂടിയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷം മുന്‍പാണ് ഷാരി ബലോച്ച്‌ ബി എല്‍ എയുടെ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള സ്വയം ത്യാഗ (സെല്‍ഫ് സാക്രിഫൈസ്) സ്‌ക്വാഡില്‍ ചേര്‍ന്നത്. രണ്ട് കൊച്ചു കുട്ടികളുടെ അമ്മയായതിനാല്‍ സ്‌ക്വാഡില്‍ നിന്ന് പുറത്തുപോകാനുള്ള് ഒരവസരം സംഘടന നല്‍കിയതാണ്. എന്നാല്‍ അവര്‍ ഇത് നിരസിക്കുകയും സ്‌ക്വാഡില്‍ തുടരാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു.

ബലൂചിസ്ഥാനിലെയും പാകിസ്ഥാനിലെയും ചൈനയുടെ താല്‍പര്യങ്ങളെയും ചൈനീസ് പൗരന്മാരെയും ലക്ഷ്യം വച്ചാണ് ബി എല്‍ എ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസത്തെ സ്‌ഫോടനത്തില്‍ മൂന്ന് ചൈനീസ് പൗരന്മാരാണ് കൊല്ലപ്പെട്ടത്.

ദൗത്യം വിജയകരമായി നിര്‍വഹിച്ചത് അബാദ് തുര്‍ബത്ത് സ്വദേശിനിയായ മജീദ് ബ്രിഗേഡിന്റെ ഫിദായദിന്‍ ഷാരി ആണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. കറാച്ചിയില്‍ ചൊവ്വാഴ്ച ബി എല്‍ എയുടെ മജീദ് ബ്രിഗേഡ് ചൈനീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആക്രമണത്തില്‍ മൂന്ന് പേരെ വധിച്ചു. ചൈനയുടെ സാന്നിദ്ധ്യം ഇവിടെ വച്ച്‌പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഞങ്ങള്‍ ഇതിലൂടെ നല്‍കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ യൂണിവേഴ്സിറ്റിക്കുള്ളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം അദ്ധ്യാപകരുമായി പോകുകയായിരുന്ന വാനിലാണ് സ്‌ഫോടനം നടന്നത്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായ ഹുവാങ് ഗ്യുപിങ്, ഉദ്യോഗസ്ഥരായ ഡിങ് മുപെങ്, ചെന്‍ സായ് എന്നിവരും പാകിസ്ഥാന്‍ സ്വദേശിയായ ഡ്രൈവര്‍ ഖാലിദുമാണ് കൊല്ലപ്പെട്ടത്. പൊട്ടിത്തെറിച്ച വാനില്‍ ഏകദേശം 1 2ഓളം പേരുണ്ടായിരുന്നു.

Related Articles

Back to top button