Sports

നൂറാം ടെസ്റ്റിൽ സെഞ്ച്വറി മികവിൽ ജോ റൂട്ട്

“Manju”

ചെന്നൈ: ഇന്ത്യൻ സ്പിൻ തന്ത്രങ്ങളെ സമർത്ഥമായി നേരിട്ട ഇംഗ്ലീഷ് നിര നായകൻ ജോ റൂട്ടിന്റെ മികവിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 200 കടന്നു. റൂട്ട് തന്റെ നൂറാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതിന്റെ ആവേശത്തിലാണ്. 166 പന്തിലാണ് റൂട്ട് സെഞ്ച്വറി തികച്ചത്.  ഓപ്പണർ ഡോമിനിക് സിബ്ലി 83 റൺസുമായി ക്രീസിലുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ ഇരട്ട സെഞ്ച്വറിയും അടുത്ത ഇന്നിംഗ്‌സിൽ സെഞ്ച്വറിയും നേടിയ റൂട്ട് മികച്ച ഫോമിലാണ് താനെന്ന് ഉപഭൂഖണ്ഡത്തിൽ വീണ്ടും തെളിയിക്കുകയാണ്.

ഓപ്പൺ റോറി ബേൺസിനെ 33 റൺസിനും ഡാൻ ലോറൻസിനെ പൂജ്യത്തിനും പുറത്താക്കി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കിയ ഇന്ത്യക്ക് പിന്നീട് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനായില്ല. സിബ്ലി-റൂട്ട് സഖ്യം 186 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 254 പന്തിൽ 83 റൺസുമായി റൂട്ടിന് മികച്ച പിന്തുണയാണ് സിബ്ലി നൽകിയത്. ശ്രീലങ്കക്കെതിരെ ഉപഭൂഖണ്ഡത്തിൽ ഒരു മാസമായി കളിച്ചതിന്റെ എല്ലാ അനുഭവ പരിചയവും സമാന അന്തരീക്ഷമുള്ള ചെന്നൈയിലും റൂട്ടും സംഘവും പുറത്തെടുക്കുകയാണ്.

ഇന്ത്യക്കായി അശ്വിനും ബുംമ്രയുമാണ് ഓരോ വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യൻ ബൗളിംഗ് നിരയിൽ ഇഷാന്ത് ശർമ്മയും ഷഹബാസ് നദീമും വാഷിംഗ്ടൺ സുന്ദറും പന്തെറിഞ്ഞെങ്കിലും വിക്കറ്റുകൾ വീണിട്ടില്ല.

 

Related Articles

Back to top button